ന്യൂഡല്‍ഹി: ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ റെയില്‍വേ കോച്ചുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. പാസഞ്ചര്‍ ട്രെയിനുകളിലെ ഫാനുകള്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് സ്ലോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഇതു വഴി മെച്ചപ്പെടുത്താന്‍ സാധിക്കും.
ആദ്യഘട്ടത്തില്‍ ഡെമു, പാസഞ്ചര്‍ ട്രെയിനുകളിലായി 250 കോച്ചുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. ഓരോ പാനലിന്റെയും ഊര്‍ജ ഉത്പാദനം രേഖപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേകം മോണിറ്ററുകളും ഉണ്ടാകും.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് സോളാര്‍ പാനലുകളുടെ നിര്‍മാണ ചുമതല. ഇന്ത്യന്‍ റെയില്‍വേ ഫോര്‍ ഓള്‍ട്ടര്‍നേറ്റ് ഫ്യുവല്‍സ് ആണ് പാനലുകള്‍ സ്ഥാപിക്കുന്നത്. ഓരോ കോച്ചിലേയും പാനലുകള്‍ പ്രതിദിനം 15 മുതല്‍ 20 യൂണിറ്റ് വൈദ്യുതി വരെ ഉത്പാദിപ്പിക്കും. ഓരോ ട്രെയിനിലും സ്ഥാപിക്കുന്ന സോളാര്‍ പാനലുകളുടെ പരമാവധി ഭാരം 120 കിലോയായിരിക്കും.
ട്രെയിനുകള്‍ വേഗത കുറച്ചോടുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിംഗ് ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ് ഈ നടപടിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആദ്യപടിയായി സീതാപൂര്‍-ഡല്‍ഹി റിവാരി പാസഞ്ചര്‍ ട്രെയിനില്‍ പാനലുകള്‍ സ്ഥാപിച്ചതായും അവര്‍ പറഞ്ഞു.