ലാഹോര്‍: പാകിസ്ഥാനില്‍ കനത്ത സുരക്ഷയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ പരക്കെ അക്രമം. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ പോളിംഗ് സ്റ്റേഷനു സമീപം ഉണ്ടായ ചാവേറാക്രമണത്തില്‍ 24 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോളിംഗ് സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച ഇയാളെ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു.
കറാച്ചിയില്‍ ലര്‍ക്കാന മേഖലയില്‍ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ക്യാമ്പിന് നേരെ ബോംബേറുണ്ടായി. മിര്‍പൂര്‍ക്കാസ് ജില്ലയില്‍ പോളിംഗ് സ്റ്റേഷനുകള്‍ക്ക് നേരെയും ബോംബേറ് ഉണ്ടായി. ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറിന് അവസാനിക്കും. 85,000 പോളിങ് സ്റ്റേഷനുകളാണ് രാജ്യത്തുടനീളമായി ഒരുക്കിയിരിക്കുന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫും നവാസ് ഷെരീഫിന്റെ പി.എം.എല്‍-എന്നും തമ്മിലാണ് പ്രധാന മത്സരം.