മുംബൈ: തകര്‍ന്ന വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടെങ്കിലും അമ്മയുടെ കൈകളില്‍ അവന് സുരക്ഷിതനായിരുന്നു. പക്ഷേ രക്ഷാപ്രവര്‍ത്തകര്‍ അവനെ കണ്ടുപിടിച്ച് പുറത്തെത്തിച്ചെങ്കിലും അവനെ സുരക്ഷിതമായി ചേര്‍ത്തുപിടിച്ച ആ അമ്മയുടെ ജീവന് നഷ്ടമായിരുന്നു. ദുരന്തത്തിലും സ്വന്തം മകന് ഒരാപത്തും വരാതെ ചേര്‍ത്തുപിടിച്ചാണ് ആ അമ്മ യാത്രയായത്.
കഴിഞ്ഞ ദിവസമാണ് മുംബൈക്ക് സമീപം ഭിവണ്ടിയില്‍ ജനവാസ മേഖലയിലെ കെട്ടിടം തകര്‍ന്നു വീണത്. അപകടത്തില്‍ പെട്ട് ഇരുപത്തിരണ്ടുകാരിയായ ഖൈറുന്നീസ എന്ന യുവതി മരിച്ചിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരുടെ കൈകള്ക്കുള്ളിലുണ്ടായിരുന്ന രണ്ടു വയസുകാരനായ കുട്ടി രക്ഷപെടുകയായിരുന്നു.
മൂന്നു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ എട്ടോളം പേര്‍ക്കാണ് പരിക്കേറ്റത്. ഖൈറുന്നീസയുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.
പ്രദേശത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടമായിരുന്നു ഇത്. നിലവാരം കുറഞ്ഞ വസ്തുക്കളാണ് കെട്ടിട നിര്മാണത്തിനുപയോഗിച്ചിരുന്നതെന്ന് താമസക്കാര്‍ ആരോപിച്ചു. രണ്ടു വര്‍ഷം മുന്‍പു തന്നെ കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.