ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന എം.കരുണാനിധി അന്തരിച്ചു. 94 വയസ്സായിരുന്നു. അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടുണ്ട്. 1969 മുതൽ 74 വരേയും , 89 മുതൽ 91 വരേയും 96 മുതൽ 2001 വരേയും 2006 മുതൽ 11 വരേയും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു.
നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്ത തിരുക്കുവളയിലാണ് കരുണാനിധിയുടെ ജനനം. ദക്ഷിണാമൂർത്തിയെന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര് .ഹിന്ദി വിരുദ്ധ സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന കരുണാനിധി തന്തൈ പെരിയോരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
സിനിമയിൽ തിരക്കഥാകൃത്തായി പ്രവർത്തിച്ച കരുണാനിധി എം.ജി രാമചന്ദ്രനുമായി സൗഹൃദത്തിലായി.1961 ൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ട്രഷററായി. 1969 ൽ അണ്ണാദുരൈ മരിച്ചപ്പോൾ പാർട്ടിയുടെ എല്ലാമെല്ലാമായി മാറിയ കരുണാനിധി ഡിഎംകെ ഭരണത്തിലേറുമ്പോഴെല്ലാം മുഖ്യമന്ത്രിയുമായി.
തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി സ്റ്റാലിൻ , മുൻ കേന്ദ്രമന്ത്രി അഴഗിരി, കനി മൊഴി എം.പി തുടങ്ങിയവർ മക്കളാണ്.