ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കരുണാനിധി പാര്‍ട്ടി തലവനായതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ഡി.എം.കെ അണികളെ ആശങ്കയിലാഴ്ത്തി വാര്‍ത്ത വന്നിരിക്കുന്നത്. ഡിഎംകെ എംഎല്‍എമാരോടും നിര്‍വാഹക സമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയില്‍ എത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോപാലപുരത്തെ വീട്ടില്‍ തന്നെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒരു സംഘം ആശുപത്രിക്ക് സമാനമായ ചികിത്സാസൗകര്യങ്ങളാണ് വീട്ടില്‍ നല്കി വരുന്നത്. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവില്‍ ചികിത്സ നല്‍കുന്നതെന്ന് കാവേരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അരവിന്ദന് സെല്‍വരാജ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രാത്രി പത്തു മണിയോടെ ഉപമുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം കരുണാനിധിയുടെ വസതി സന്ദര്‍ശിച്ച് മകനും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും വ്യാഴാഴ്ച രാത്രി കരുണാനിധിയെ വീട്ടില്‍ കാണാനെത്തി. ഇതിന് പുറമെ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.