ഒഡീഷ: ഒഡീഷയിലെ മാല്‍കന്‍ഗിരി ജില്ലയില്‍ കമ്യൂണിസ്റ്റ് ഭീകരരുടെ കേന്ദ്രമായ പ്രദേശത്തെ പുറം ലോകവുമായി ബന്ധിപ്പിച്ച് പാലം നിര്‍മിച്ചു. ഒറ്റപ്പെട്ടു കിടക്കുകയായിരുന്ന 150ഓളം ഗ്രാമങ്ങള്‍ക്കാണ് പാലം ഗുണം ചെയ്യുന്നത്. ചിത്രകൊണ്ട വനത്തിലെ മാച്ച്കുണ്ഡ്, ബലിമേല ജലസംഭരണികളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തെ കൂടുതല്‍ ഒറ്റപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമായിരുന്നു. പുറമേ നിന്നുള്ളവരെ ഇവിടേക്കെത്താന്‍ ഭീകരര്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മേഖല ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട രീതിയിലാണ് നിലകൊണ്ടിരുന്നത്.
1982ല്‍ ഏഴുകോടി രൂപ മുതല്‍ മുടക്കില്‍ ഇവിടേക്ക് പാലം നിര്‍മിക്കാനുള്ള പണികള്‍ ആരംഭിച്ചുവെങ്കിലും പൂര്‍ത്തിയാക്കാനായില്ല. 20 വര്‍ഷത്തിന് ശേഷം പദ്ധതി പുനരാരംഭിക്കാന്‍ ശ്രമിച്ചുവെങ്കിലും, അപായപ്പെടുത്തുമെന്ന നിരന്തരമായ ഭീഷണികള്‍ മൂലം പാലം പണിയുടെ കോണ്‍ട്രാക്ട് ഏറ്റെടുത്ത വ്യക്തി പിന്മാറുകയായിരുന്നു.
2008ല്‍ കപ്പലില്‍ ഇവിടെയെത്തിയ ആന്ധ്രപ്രദേശില്‍ നിന്നുള്ള 37 പൊലീസ് ഉദ്യോഗസ്ഥരെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ വധിച്ചിരുന്നു. ഇതിന് ശേഷം ഈ സ്ഥലം ആരാലും എത്തപ്പെടാത്ത രീതിയില്‍ ഒറ്റപ്പെട്ടു.
2014ല്‍ വ്യക്തമായ മാര്‍ഗരേഖകളുമായി വീണ്ടും പാലം പണിയുടെ നിര്‍മാണം പുനരാരംഭിച്ചു. ഒടുവില്‍ 187 കോടി രൂപ മുതല്‍മുടക്കില്‍ പാലത്തിന്റെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി. 910 മീറ്റര്‍ നീളമുള്ള പാലത്തെ 22 തൂണുകളാണ് താങ്ങി നിര്‍ത്തിയിരുന്നത്. ഏകദേശം 30000ത്തോളം ആളുകള്‍ക്കാണ് ഈ നിര്‍മാണം ഗുണം ചെയ്യുന്നത്. പാലം വന്നതോടെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും സാധിക്കും.
ഛത്തീസ്ഗഡിലും അടുത്തിടെ സമാനരീതിയില്‍ പാലം നിര്‍മിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ കേന്ദ്രമായിരുന്ന ഡോണ്പാലും ഒഡീഷയിലെ പൊടിയയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലമായിരുന്നു ഇത്. 120 കിലോമീറ്റര്‍ ദൂരം 3 കിലോമീറ്ററായാണ് കുറക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷമാണ് പാലം പൊടുജനങ്ങള്ക്കായി തുറന്നു കൊടുത്തത്.