കൊച്ചി: ഉപജീവനത്തിന് വേണ്ടി തെരുവില്‍ മീന്‍ വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹനാനെതിരെയുള്ള അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കാണ് അറസ്റ്റിലായത്. ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ശനിയാഴ്ച രാവിലെയാണ് ഇയാളെ പിടികൂടുന്നത്.
ഹനാനെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം കൊടുത്തിരുന്നു. തുടര്‍ന്ന് ഹനാന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി.509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്.
ഹനാന്റെ കഥ പുറത്തു വന്നതോടെ സിനിമകളിലും ഹനാന് മികച്ച വേഷങ്ങള്‍ ചെയ്യാന്‍ വാഗ്ദാനം ലഭിച്ചിരുന്നു. ഇതോടെയാണ് ഹനാന്റെ ദുരിതകഥ സിനിമക്കാര്‍ ഒരുക്കിയ നാടകമാണെന്ന ആരോപണം പുറത്തു വരുന്നത്.
വിദ്യാര്‍ത്ഥിനിയെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കാര്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലും പരിശോധന തുടങ്ങി.