അബുദാബി: അബുദാബിയിൽ സൗജന്യ ബസ് സംവിധാനം വരുന്നു. പ്രാരംഭഘട്ടത്തിൽ രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് സൗജന്യ സേവനം ലഭ്യമാവുക.
പൊതുഗതാഗത മേഖല കൂടുതൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ അബുദാബിയിൽ സൗജന്യ ബസ് സർവീസ് വരുന്നു. അബുദാബിയിൽ നിന്നും മുസഫയിലേക്കാണ് ആദ്യഘട്ടത്തിൽ സേവനം നടത്തുക. തിരഞ്ഞെടുത്ത പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാഹനം നിർത്തുക. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സർവീസ് രാത്രി പത്ത് മണിവരെയുണ്ടാവുമെന്നും അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു.
പദ്ധതി നിലവിൽ വന്ന ശേഷം യാത്രക്കാരുടെ അഭിപ്രായം ആരാഞ്ഞ് സർവ്വീസുകൾ പരിഷ്കരിക്കും. മിനിവാനുകളാണ് സർവീസുകൾക്കായി ഉപയോഗിക്കുക. നഗരത്തിലെ സാധാരണക്കാരായവർക്ക് ഏറെ സഹായകരമാവുന്ന തീരുമാനമാണ് സൗജന്യ ബസ് സർവീസ്. പൊതുഗതാഗത രംഗം ശക്തമാവുന്നത് ഗതാഗത കുരുക്കുകൾ കുറയാനും സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.