ചെറുതോണി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായി നാളെ ട്രയല്‍ റണ്‍ നടത്തുമെന്ന് കെഎസ്ഉബി അറിയിച്ചു. നാലു മണിക്കൂറായിരിക്കും ട്രയല്‍ റണ്‍. ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും. ഇത്രയും ഉയര്‍ത്തുമ്പോള്‍ തന്നെ സെക്കന്റില്‍ 1750 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുക. അണക്കെട്ടിനു മുകളിലായി കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനവും ആരംഭിക്കും.
നിലവില്‍ 2394.58 അടിയാണ് ഡാമിലെ ജലനിരപ്പ്. 2395 അടിയെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ഷട്ടറുകള്‍ തുറക്കുന്നതിന്റെ ഭാഗമായി പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്കി ഒഴിപ്പിക്കും. അപകടമേഖലയില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് വേണ്ട നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.