ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവില്‍ 2394.97അടിയാണ് ജലനിരപ്പ്. 2395 അടി എത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.
ഓറഞ്ച് അലര്‍ട്ട് നല്കിക്കഴിഞ്ഞാല് റെഡ് അലര്‍ട്ട് ആണ് അടുത്ത ഘട്ടം. റെഡ് അലര്‍ട്ട് നല്‍കിക്കഴിഞ്ഞ് 24 മണിക്കൂറിനകം അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും.
അന്തിമ മുന്നറിയിപ്പ് ലഭിക്കുന്നതോടെ പെരിയാറിന്റെ ഇരുകരകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ ജനങ്ങളോട് മാറാനാവശ്യപ്പെട്ട് മൈക്ക് അനൗണ്‍സമെന്റ് നടത്തും. പോലീസും ഫയര്‍ഫോഴ്സും ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി സമീപത്തുള്ള പഞ്ചായത്തുകളിലെ 12 സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. റെഡ് അലര്‍ട്ട് നല്കിക്കഴിഞ്ഞാല് പ്രദേശവാസികളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഡാം തുറക്കുന്നതിന് മുന്നോടിയായി ദുരന്ത നിവാരണസേനയുടെ ഒരു സംഘത്തെ ആലുവയില്‍ വിന്യസിച്ചു. ഒരു സംഘം ഇടുക്കിയിലും എത്തിയിട്ടുണ്ട്.