ദുബായ്: യുഎഇ അനുവദിച്ച പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് നിയമനടപടികളുടെ കുരുക്കുകള്‍ ഇല്ലാതെ രാജ്യം വിടാനോ, പുതിയ വിസയില്‍ യു എ ഇ യില്‍ തന്നെ തുടരാനോ സാധിക്കും. നിരവധി ഇളവുകളോടെയാണ് ഇത്തവണത്തെ പൊതുമാപ്പ് യുഎഇ ഭരണാധികാരികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
രാഷ്ട്രപിതാവിന്റെ സ്മരണയില്‍ ഈ വര്‍ഷം സായിദ് വര്‍ഷമായി ആചരിക്കുകയാണ് യുഎഇ. അതുകൊണ്ടാണ് ഇത്തവണത്തെ പൊതുമാപ്പ് നടപടിക്രമങ്ങളിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പ് വഴി ചെറിയ പിഴയൊടുക്കി രേഖകള്‍ ശരിയാക്കി രാജ്യത്തു തുടരാനോ, നിയമക്കുരുക്കുകള്‍ ഇല്ലാതെ രാജ്യം വിടാനോ സാധിക്കും. സ്വദേശത്തേക്ക് മടങ്ങിയാല്‍ തന്നെ പുതിയ വിസയില്‍ യുഎഇയില്‍ പ്രവേശിക്കുന്നതിന് വിലക്കുകള്‍ ഒന്നുമുണ്ടാവില്ല.
പുതിയ ജോലിക്കായി ശ്രമിക്കണം എന്നുള്ളവര്‍ക്കായി ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ആറ് മാസത്തേക്കുള്ള താല്‍ക്കാലിക വിസ അനുവദിക്കും എന്നത് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. പുതുതായി വരുന്ന തൊഴിലവസരങ്ങളില്‍ ഇങ്ങനെ രാജ്യത്തു തങ്ങുന്നവര്‍ക്ക് മുന്‍ഗണനയും നല്‍കും.
3000 പേര്‍ക്ക് ഇരിപ്പിട സൗകര്യത്തോടെ രണ്ട് ടെന്റുകളാണ് ദുബായ് അല്‍ അവീറില്‍ പൊതുമാപ്പ് നടപടിക്രമങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദുബായ് ആര്‍ടിഎയുടെ പ്രത്യേക ബസ് സര്‍വീസും ഇവിടേക്കുണ്ടാവും. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പരിഭാഷകരുടെയും, സൗജന്യ വൈദ്യ വിഭാഗത്തിന്റെയും സേവനവും ലഭ്യമാണ്. ആഗസ്ത് ഒന്നിന് ആരംഭിക്കുന്ന യു എ ഇ പൊതുമാപ്പ് കാലാവധി ഒക്ടോബര്‍ മുപ്പത്തൊന്നു വരെയാണ്.