തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നദീതീരത്ത് താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികളോടും കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇതിനകം തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ജോര്‍ജ് കുട്ടി ജോണ്‍(74) ആണ് മരിച്ചത്. രാവിലെ ആറ് മണിക്ക് പാല് വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം.
ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴ അതിശക്തിയായി തുടരുകയാണ്. പലയിടത്തും പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മലയോരമേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. തീരമേഖലകളില്‍ കടല്‍ക്ഷോഭവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.