തൃശൂര്‍: വിജിലന്‍സ് കേസുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നയാളെ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിയമിച്ചു. വില്‍പ്പന നികുതി വകുപ്പിലെ ജി എസ് ടി വിഭാഗത്തില്‍ അസിസ്റ്റന്റ് കമ്മീഷണറായ എസ് വി ശിശിറിനാണ് നിയമനം നല്‍കിയിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും സി സി ശശിധരന് വിരമിച്ച ഒഴിവിലാണ് എസ് വി ശിശിറിന്റെ നിയമനം കൊടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ നല്കിയ മൂന്നംഗ പാനലില്‍ നിന്നും ദേവസ്വം ഭരണസമിതിയാണ് ശിശിറിനെ തെരഞ്ഞെടുത്തത്. അഞ്ചോളം വിജിലന്‍സ് കേസുകളില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന ശിശിറിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇദ്ദേഹത്തിനെതിരെ ലോകായുക്തയിലും കേസുകളുണ്ട്.
നേരത്തെ പാലക്കാട് ജില്ലയിലെ ഒരു ചെക്ക് പോസ്റ്റില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഇദ്ദേഹത്തെ വിജിലന്‍സ് കൈയോടെ പിടികൂടിയിരുന്നു. അഴിമതിക്കാരനായ ഈ ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ സഹികെട്ട തിരുവനന്തപുരത്തെ വ്യാപാരികള്‍ ഒന്നടങ്കം ഒപ്പിട്ട നിവേദനം വകുപ്പ് മന്ത്രിക്ക് നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തേക്ക് ഇദ്ദേഹത്തെ മാറ്റണമെന്നും മേലധികാരി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തനിക്കെതിരെയുള്ള റിപ്പോര്‍ട്ടുകളൊക്കെ അവഗണിക്കാന്‍ ശിശിറിന് സാധിച്ചുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.