ദുബായ്: ജീവനക്കാരുടെ സംതൃപ്തി ഉറപ്പുവരുത്തണമെന്ന് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശം. അഞ്ച് ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ തൊഴില്‍ സാഹചര്യത്തില്‍ തൃപ്തരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍.
40 സര്‍ക്കാര്‍ വകുപ്പുകളുടെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ചില വകുപ്പുകളിലെ ജീവനക്കാരില്‍ 93 ശതമാനം വരെ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അഞ്ച് സര്‍ക്കാര്‍ വകുപ്പുകളിലെ 60 ശതമാനം ജീവനക്കാര്‍ മാത്രമാണ് തൊഴില്‍ സാഹചര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത്.
ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഷെയ്ഖ് മുഹമ്മദ്, ഈ വകുപ്പുകളിലെ മേധാവികള്‍ക്ക് സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ ആറ് മാസത്തെ സമയം അനുവദിച്ചു. ഉപഭോക്താക്കളെ തൃപ്തരാക്കാന്‍ ജീവനക്കാര്‍ തൃപ്തരായിരിക്കേണ്ടത് അനിവാര്യമാണ്. ജീവനക്കാരാണ് ഏതൊരു സര്‍ക്കാര്‍ വകുപ്പിന്റെയും ഏറ്റവും വലിയ സമ്പത്തെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താനായി നിരവധി ആനുകൂല്യങ്ങള്‍ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കര്‍ശനവും സൂതാര്യവുമായ നടപടി സ്വീകരിക്കുന്നതില്‍ വിഖ്യാതനാണ് ഷെയ്ഖ് മുഹമ്മദ്. 2016ല്‍, കാര്യക്ഷമതയില്ലാത്ത ഒന്‍പത് ഉന്നത ഉദ്യോഗസ്ഥരെ അദ്ദേഹം പിരിച്ചുവിടുകയും ചെയ്തിരുന്നു.