കുവൈറ്റ്: കുവൈറ്റില്‍ ഹസാവി, ജലീബ് മേഖലകളില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ എണ്ണൂറോളം വിദേശികള്‍ അറസ്റ്റിലായി. അനധികൃത തൊഴിലാളികള്‍, നാടുകടത്തിലിന് വിധിക്കപ്പെട്ടവര്‍, സിവില്‍ കേസ് പ്രതികള്‍, മദ്യം മയക്കുമരുന്ന് കേസില്‍ പെട്ടവര്‍ തിരിച്ചറിയില്‍ രേഖകള്‍ കൈവശമില്ലാത്തവര്‍ എന്നിവരടക്കം നിരവധി പേര് പരിശോധനയില്‍ പിടിക്കപ്പെട്ടു. ആഭ്യന്തരവകുപ്പ് അധികൃതര്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ നിയമലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതടച്ചാണ് റെയ്ഡ് നടന്നത്.
കുറഞ്ഞ വരുമാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബില്‍ വ്യാപകമായി അനധികൃത കച്ചവടം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം വഴിവാണിഭക്കാര്‍ക്കെതിരെ നടപടിക്കെത്തിയ മുനിസിപ്പല്‍ ജീവനക്കാര്‍ക്കെതിരെ കയ്യേറ്റശ്രമം നടന്നിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് മുനിസിപ്പല്‍ അധികൃതരുടെ റെയ്ഡ് നടന്നത്.
മുനിസിപ്പല്‍ ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിനെതിരെ എം.പിമാരും രംഗത്തുവന്നിട്ടുണ്ട്. ഹസാവി, ജലീബ്, ഖൈത്താന്‍ എന്നിവിടങ്ങളിലെ പുരുഷതാമസക്കാരെ ഒഴിവാക്കി അവിടെ സ്വദേശി പാര്‍പ്പിട മേഖലയാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മലയാളികള്‍ ഏറെയുള്ള ഹസാവി, ജലീബ് മേഖലകളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അറിയുന്നത്.