ന്യൂഡല്‍ഹി: പ്രതിരോധ വ്യാപാരക്കരാറില്‍ ഇന്ത്യക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി നല്കി അമേരിക്ക. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 പദവിയാണ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് നല്‍കിയത്.
ഇതു വഴി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രതിരോധ ഉത്പന്നങ്ങള്‍ അടക്കമുള്ളവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാകും. എസ്.ടി.എ.1 പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് യു.എസില്‍നിന്ന് ഇത്തരം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനു തടസ്സമില്ല.
ആദ്യമായാണ് ഈ പദവി ഒരു ദക്ഷിണേഷ്യന്‍ രാജ്യത്തിന് ലഭിക്കുന്നത്. നാറ്റോ അംഗങ്ങളടക്കം 36 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അമേരിക്കയുടെ നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്തു. യുക്തിപൂര്‍വമായ തീരുമാനമാണെന്നും പ്രതിരോധം അടക്കമുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതാണ് ഈ നീക്കമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.