ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി മാറുന്ന കിക്കി ഡാന്‍സ് ചലഞ്ച് പൊലീസിന് തലവേദനയായി മാറുന്നു. ഡല്‍ഹി, മുംബൈ, ജയ്പൂര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഈ ചലഞ്ചിനെതിരെ ബോധവത്കരണവുമായി പൊലീസ് രംഗത്തെത്തി. നടുറോഡില്‍ ചെയ്യുന്ന ചലഞ്ച് അപകടങ്ങള്‍ക്ക് വഴി വച്ചതോടെയാണ് പൊലീസ് എതിര്‍പ്പുമായെത്തിയത്. രാജ്യാന്തരതലത്തിലും ചലഞ്ചിനെതിരെ ബോധവത്കരണം നടക്കുന്നുണ്ട്.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും ഇറങ്ങിയതിന് ശേഷം കിക്കി ഡുയു ലൗ മീ എന്ന പാട്ടിന് കാര്‍ നീങ്ങുന്നതിനൊപ്പം നൃത്തം ചെയ്യണം. നൃത്തം ചെയ്തതിനു ശേഷം കാറിലേക്ക് തിരികെ കയറി യാത്ര തുടരാം. ഇതാണ് ചലഞ്ച്.
കനേഡിയന്‍ പോപ്പ് ഗായകനായ ഡ്രേക്കിന്റെ ഗാനമാണ് കിക്കി ഡുയു ലൗ മീ. എന്നാല്‍ അമേരിക്കന്‍ ഹാസ്യാവതാരകനായ ഷിഗ്ഗിയാണ് ചലഞ്ചിന് തുടക്കം കുറിക്കുന്നത്. ഷിഗ്ഗി കാറില്‍ നിന്നിറങ്ങി ഡാന്‍സ് ചെയ്ത ശേഷം സുഹൃത്തുക്കളെ വെല്ലുവിളിക്കുകയായിരുന്നു. ഇതിന് ശേഷം ചലഞ്ച് വളരെ വേഗം ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.
കിക്കി ചലഞ്ച് കൊണ്ടുണ്ടായ അപകടങ്ങളുടെ വീഡിയോയും ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലുണ്ട്.