കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ വൈദികന് പതിനാറുകാരി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണ തുടങ്ങി. നീണ്ടുനോക്കി പള്ളി വികാരി ഫാദര്‍ റോബിന് ഒന്നാം പ്രതിയായ കേസില്‍ വൈദികനടക്കം പത്തു പ്രതികളും ഹാജരായിട്ടുണ്ട്.
ഫാ. റോബിന് വടക്കുംചേരിക്ക് പുറമെ കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്ട്രേറ്ററും വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി മുന്‍ ചെയര്മാന്, അംഗം, വൈത്തിരി അനാഥാലയത്തിലെ സിസ്റ്റര്‍, കോണ്‍വെന്റിലെ അന്തേവാസികള്‍ എന്നിവരാണു പ്രതികള്‍. പീഡനത്തിനിരയായ പെണ്‍കുട്ടി 2017 ഫെബ്രുവരി ഏഴിനാണ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചത്. സംഭവം മറച്ചുവച്ചുവെന്നതാണ് മറ്റുള്ളവര്‍ക്കെതിരെയുള്ള കേസ്.
തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് പോക്സോയിലാണ് വിചാരണ. പ്രതികള്‍ക്കായി പ്രമുഖ അഭിഭാഷകര്‍ ഹാജരായപ്പോള്‍ പെണ്‍കുട്ടിക്ക് വേണ്ടി പബ്ലിക് പ്രോസികുറ്റര് ബീന കാളിയത്ത് ആണ് ഹാജരായത്.