കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റി. പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന് വടക്കഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താല്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന് തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്കി.
https://www.youtube.com/watch?v=fGh0P-_JGt8
പെണ്‍കുട്ടി മൊഴിമാറ്റിയതോടെ പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐ.ജെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരുമായ ഫാദര്‍ റോബിന് പീഡിപ്പിച്ചതിനെ തുടര്‍ന്ന് പതിനാറുകാരി പ്രസവിച്ചെന്നാണ് കേസ്.
തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിനാണ് വിദ്യാര്‍ത്ഥിനി പ്രസവിച്ചത്. നവജാതശിശുവിനെ പെട്ടെന്ന് തന്നെ രഹസ്യമായി വയനാട്ടിലെ അനാഥമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 27ന് പേരാവൂര്‍ പൊലീസ് ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പോക്സോ കേസായതിനാല്‍ പെണ്‍കുട്ടി മൊഴിമാറ്റിയാലും കേസ് നിലനില്ക്കാന് തന്നെയാണ് സാധ്യത.