ന്യൂഡല്‍ഹി: ലഷ്കര്‍ ഇ തൊയ്ബ ഭീകരന് അബ്ദുള്‍ റഹ്മാന് അല്‍ ദാഖിലിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഭീകരര്‍ക്ക് പാകിസ്ഥാനില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് ഭീകരര്‍ പാക് മണ്ണ് ഉപയോഗിക്കുന്നുവെന്നുമുള്ള ഇന്ത്യയുടെ നിലപാട് ശരി വക്കുന്നതാണ് അമേരിക്കയുടെ തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ലഷ്കര്‍ ഇ തൊയ്ബ ഭീകരന് അബ്ദുല്‍ റഹ്മാന് അല്‍ ദാഖില്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് അമേരിക്ക ആഗോള ഭീകരരായി പ്രഖ്യാപിച്ചത്. ജമ്മു കശ്മീര്‍ മേഖലയില്‍ ലഷ്കര്‍ ഇ തൊയ്ബയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ പദവിയിലെത്തിയ ഇയാളെ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ആഗോള ഭീകരരുടെ പട്ടികയിലാണ് അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1997 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ജമ്മു കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളിലും ഇന്ത്യക്കെതിരെയുള്ള നിരവധി ആക്രമണങ്ങള്‍ക്കും നേതൃത്വം കൊടുത്തത് ഇയാളായിരുന്നു. 2004ല്‍ ബ്രിട്ടീഷ് സൈന്യം ഇയാളെ ഇറാഖില്‍ നിന്നും പിടികൂടിയതിന് ശേഷം അമേരിക്കക്ക് കൈമാറി. 2014ല്‍ അമേരിക്ക അബ്ദുള്‍ റഹ്മാനെ പാകിസ്ഥാന് കൈമാറി. പിന്നീട് ജയില്‍ മോചിതനായ അബ്ദുല്‍ റഹ്മാന് 2018ന്റെ തുടക്കത്തില്‍ ലഷ്കറിന്റെ സീനിയര്‍ കമാന്‍ഡര്‍ സ്ഥാനത്തേക്ക് മടങ്ങി എത്തിയതായും അമേരിക്ക വ്യക്തമാക്കിയിരുന്നു.