ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് ഇനിയും നീളുമെന്ന് സൂചന. കഴിഞ്ഞ കുറേ മണിക്കൂറുകളായി ഡാമിലെ ജലനിരപ്പില്‍ നേരിയ വര്‍ധന മാത്രമാണ് കാണിച്ചിട്ടുള്ളത്. മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനവും പൂര്‍ണതോതിലാണ് നടക്കുന്നത്.
2396.10 അടിയാണ് നിലവിലത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 91.83 ശതമാനം വരുമിത്. 2403 ആണ് പരമാവധി സംഭരണശേഷി. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2400 അടിയെത്തിയ ശേഷം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. ജലനിരപ്പ് ഉയരുന്നതനുസരിച്ച് അണക്കെട്ടിന്റെ വിസ്തൃതിയും കൂടുമെന്നതിനാല്‍ ജലനിരപ്പ് ഇനി അതിവേഗം കൂടില്ലെന്നാണ് കെഎസ്ഇബി ഡാം സുരക്ഷ വിഭാഗം കണക്കു കൂട്ടുന്നത്.