അബുദാബി: പൊതുമാപ്പിന്റെ ആദ്യദിനം അബുദാബി ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയത് നൂറുകണക്കിന് നിയമലംഘകര്‍. ഫിലിപ്പൈന്‍സ്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. സംഘത്തില്‍ ഇന്ത്യക്കാരുണ്ടെങ്കിലും മലയാളികളുടെ എണ്ണം കുറവാണ്.
രാവിലെ മുതല്‍ അബുദാബി പോലീസിലെ ഉദ്യോഗസ്ഥരും വളണ്ടീയര്‍മാരും പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറി. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൊതുമാപ്പിന് അര്‍ഹരായ ആളുകളില്‍ ചെറിയ ശതമാനം മാത്രമാണ് ആദ്യ ദിനം പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയിരുന്നത്. അബുദാബി നഗരത്തില്‍ നിന്നും 35 കിലോമീറ്ററോളം അകലെയാണ് പൊതുമാപ്പ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ ആളുകളും ആരുടെയെങ്കിലും സഹായത്തിലാണ് വാഹനങ്ങളില്‍ ഇവിടെയെത്തുന്നത്.
അബുദാബിയില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ അരമണിക്കൂറിലധികം സഞ്ചരിച്ചാലാണ് ഇവിടെയെത്തിച്ചേരാന്‍ കഴിയുക. എന്നാല്‍ പൊതുമാപ്പിന് അപേക്ഷിച്ച് ആരും സഹായിക്കാനില്ലാതെ കഴിയുന്നവര്‍ക്ക് ഒരുപക്ഷെ ഇതത്ര എളുപ്പമല്ല. രണ്ട് മണിക്കൂറിലധികം സമയം വേണം ബസില്‍ ഇവിടെയെത്തിച്ചേരാന്‍. അത്തരത്തില്‍ ഇവിടെയെത്തുന്നവരുമുണ്ട്. 204, 210, 222, 221, 216, 240 നമ്പര്‍ ബസുകള്‍ ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തിന് സമീപം വരെയെത്തുന്നതാണ്.