തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവിന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണത്തില്‍ രജീഷ് പോളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടു. അമാനവ സംഗമത്തിന്റെ മുഖ്യ സംഘാടകനും ആക്ടിവിസ്റ്റുമാണ് രജീഷ് പോള്‍. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് ലഭിച്ച പരാതികള്‍ ഡിജിപിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് കേസിന്റെ അന്വേഷണച്ചുമതല. രജീഷ് പോളിനെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് യുവജന ക്ഷേമ കമ്മിഷനും നിര്‍ദ്ദേശം നല്‍കിയിരുന്നു. തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുക.
16 വയസ്സില്‍ ലൈംഗികമായ അതിക്രമം നേരിട്ടുവെന്നാണ് കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇതിന് പുറമെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് രജീഷ് പോള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തനിക്കുണ്ടായ അനുഭവം മറ്റൊരു പെണ്‍കുട്ടിയോട് പറഞ്ഞപ്പോള്‍, ആ കുട്ടിക്കും സമാന അനുഭവമുണ്ടായതായി അറിഞ്ഞുവെന്നും കൂടെയുണ്ടായിരുന്നവരുടെ പിന്തുണയെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള തുറന്നു പറച്ചിലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.