പാലക്കാട്: നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. മൊബൈല്‍ ഫോണ്‍ കടകളും ലോഡ്ജും ഹോട്ടലും ഉള്‍പ്പെടെ ഇതിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നു.
തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിരവധി ആളുകള്‍ അകത്തു കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ എത്രപേരുണ്ടെന്നത് വ്യക്തമല്ല. ഏഴു പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. എസ്പിയുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്സും എക്സൈസ് വിഭാഗവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ചാണ് കെട്ടിട അവശിഷ്ടങ്ങള്‍ നീക്കുന്നത്.
പഴക്കം ചെന്ന കെട്ടിടമാണിത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. തൂണു മാറ്റിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.