തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ എൻഡിഎ സംഘം വെള്ളിയാഴ്ച കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കും. അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ശ്രീധരൻപിള്ളയുടെ ആദ്യ പരിപാടിയാണ് പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം.
രാവിലെ 8 മണിക്ക് കിടങ്ങറയിൽ നിന്ന് പര്യടനം തുടങ്ങുന്ന സംഘം മുട്ടാർ, പുളിങ്കുന്ന്, കാവാലം, വെളിയനാട്, കൈനകരി എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും.
കുട്ടനാടിന്റെ ദുരവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം കാണാൻ രാഷ്ട്രീയത്തിന് അതീതമായ പരിശ്രമമാണ് വേണ്ടതെന്ന നിലപാടാണ് ബിജെപിക്കുള്ളതെന്ന് അഡ്വ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സഹായം ഉറപ്പാക്കാൻ ബിജെപി എല്ലാവരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, പിഎസ് പി സംസ്ഥാന പ്രസിഡന്റ് കെ.കെ.പൊന്നപ്പന്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ സോമൻ എന്നിവരും സംഘത്തിലുണ്ടാകും.