കൊല്ലം: കൊല്ലം കടക്കലിൽ വൃദ്ധദമ്പതികളുടെ വീട് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. കുറ്റിക്കാട് കൊച്ചുവീട്ടിൽ തപോധനൻ , ശ്രീലത ദമ്പതികളുടെ വീടാണ് ഇടിച്ചു നിരത്തിയത്. 70 വയസ്സായ വൃദ്ധദമ്പതികൾ അയൽവീട്ടിൽ അഭയം തേടിയിരിക്കുകയാണിപ്പോൾ. വസ്തുസംബന്ധമായ കേസ് കോടതിയിൽ നില നിൽക്കെയാണ് സംഭവം.
ഉച്ചയ്ക്ക് രണ്ട് മണിയോടെ എട്ടോളം പേരടങ്ങുന്ന സംഘം കാറിലും ജെസിബിയിലുമായെത്തിയാണ് വീട് ഇടിച്ചു നിരത്തിയത്. ഈ സമയം ദമ്പതികൾ വീട്ടിലുണ്ടായിരുന്നില്ല.
വർക്കല സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പ്രതികൾക്ക് വേണ്ടിയും വീട് ഇടിച്ച് നിരത്താനുപയോഗിച്ചതും അക്രമികൾ വന്നതുമായ വാഹനങ്ങൾക്കായും കടക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.