തിരുവനന്തപുരം: പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളി(51) അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അന്തരിച്ച നടി മോനിഷക്ക് വേണ്ടി ശബ്ദം നല്‍കിയാണ് അമ്പിളി സിനിമ മേഖലയില്‍ ശ്രദ്ധേയയായത്. പഴയകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മകളാണ്.
ശാലിനിയുടെ സിനിമകളില്‍ കുട്ടിക്കാലത്തും മുതിര്ന്നപ്പോളും അമ്പിളിയായിരുന്നു ശബ്ദം നല്‍കിയിരുന്നത്. ഇതിന് പുറമെ ശോഭന, ജോമോള്‍, രോഹിണി, അംബിക, റാണി പത്മിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ഉവവശി, ചിപ്പി എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. ‘ഭക്തകണ്ണപ്പ’ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് എട്ടു വയസ്സായിരിക്കെ അമ്പിളി ആദ്യമായി ശബ്ദം നല്‍കിയത്. തമിഴ് ഉള്‍പ്പെടെ 500ല്‍പരം ചിത്രങ്ങളില്‍ അമ്പിളി ബാലതാരങ്ങള്‍ക്ക് ശബ്ദം നല്കി.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനാണ് ഭര്‍ത്താവ്. മക്കള്‍: വൃന്ദ, വിദ്യ