തൃശൂർ: തൃശൂർ കോർപ്പറേഷൻ എൽ ഡി എഫ് കൗൺസിലർ വ്യാജരേഖ നിർമ്മിച്ചതിനെ തുടർന്ന് അറസ്റ്റിൽ. പൂത്തോൾ ഡിവിഷൻ കൗൺസിലറും സിഎംപി നേതാവുമായ സി സുകുമാരനാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
https://www.youtube.com/watch?v=lwChccHRhLg
വ്യാപാര സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ നിർമ്മിച്ചതിനാണ് പൂത്തോൾ ഡിവിഷനിൽ നിന്നും സിഎംപി സ്ഥാനാർത്ഥിയായി വിജയിച്ച എൽഡിഎഫ് കൗൺസിലർ സി സുകുമാരൻ പിടിയിലായത്. ലൈസൻസ് പുതുക്കി നല്കുന്നതിനാവശ്യമായ കെട്ടിട ഉടമയുടെ അനുമതിപത്രം വ്യാജമായി നിർമ്മിക്കുകയായിരുന്നു.
സംഭവത്തിന്മേൽ അന്വേഷണം നടന്നതോടെ വ്യാജമായി നിർമ്മിച്ച രേഖകൾ തൃശൂർ കോർപ്പറേഷൻ നികുതി അപ്പീൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കൂടിയായ സുകുമാരൻ ഫയലിൽ നിന്നും മാറ്റി. ഇതേ തുടർന്നാണ് തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വഞ്ചനാ കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൈക്കൂലിക്കാരനായ കൗൺസിലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് ബിജെപി മാർച്ച് നടത്തി.