ആന്ധ്ര: ആന്ധ്രപ്രദേശിലെ കൂര്‍ണൂലില്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹാഥി ബെല്ഗാളിലെ ക്വാറിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പാറ പൊട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം. പാറകള്ക്കടിയില് പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്.
സ്വകാര്യ ഉടമസ്ഥതയിലുള്ള ക്വാറിയാണിത്. ക്വാറിയിലുണ്ടായ തീപ്പൊരി മറ്റ് സ്ഫോടക വസ്തുക്കളിലേക്കും തെറിച്ചാണ് വന്‍ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ കൂറ്റന്‍ പാറക്കഷണങ്ങളാണ് ചിതറിത്തെറിച്ചത്. ഇതിലൊരു വലിയ കഷണം തൊഴിലാളികള്‍ വിശ്രമിക്കുന്ന കൂടാരത്തിലാണ് വന്നു വീണത്. മുപ്പതോളം പേര് ഇവിടെ ഉണ്ടായിരുന്നു.
മൂന്ന് ട്രാക്ടറുകളും ഒരു ട്രക്കും ഷെഡും പൂര്‍ണമായും കത്തി നശിച്ചു. സമീപഗ്രാമങ്ങളില്‍ വരെ സ്ഫോടനത്തിന്റെ പ്രകമ്പനം എത്തിയതായി സമീപവാസികള്‍ പറഞ്ഞു.