ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെ കോണ്ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്യാതെ ആധാര്‍ ഹെല്പ് ലൈന്‍ നമ്പര്‍ കടന്നുവന്നതില്‍ ക്ഷമ ചോദിച്ച് ഗൂഗിള്‍. ഇത് ആധാര്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം നല്‍കിയതല്ലെന്നും ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറിലെ പ്രശ്നം കാരണമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടേതായി പലരുടേയും ഫോണുകളില്‍ കാണുന്ന ഹെല്പ് ലൈന്‍ നമ്പര്‍ തങ്ങളുടേതല്ലെന്ന് ആധാര്‍ അതോറിറ്റിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ സേവ് ചെയ്യാത്ത നമ്പര്‍ ഫോണുകളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് ആധാര്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
1800-300-1947 എന്ന നമ്പറാണ് ഫോണുകളില്‍ കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ 1947 ആണ് യുഐഡിഎഐയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറെന്നും ഇത് രണ്ടു വര്‍ഷത്തിലേറെയായി പ്രവര്‍ത്തനക്ഷമമാണെന്നും വിശദീകരണമുണ്ടായി.
2014ല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണുകളില്‍ ആധാര്‍ ഹെല്പ്പ്ലൈന് നമ്പര്‍ വന്ന് തുടങ്ങിയത്. അശ്രദ്ധമൂലമുണ്ടായ ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കില്ലെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫോണുകളില്‍ നിന്ന് ഈ നമ്പര്‍ മാനുവലായി നീക്കം ചെയ്യാന്‍ സാധിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.