സത്യമപ്രിയം

ഹിന്ദു ഏകീകരണമെന്ന പാവനലക്ഷ്യം നിറവേറ്റിയ മാതൃഭൂമി

സത്യമപ്രിയം - ജി കെ സുരേഷ് ബാബു

‘മീശ’യെന്ന മൂന്നാംകിട അശ്ലീലസാഹിത്യം പ്രസിദ്ധീകരിച്ചതിലൂടെ മാതൃഭൂമി അതിന്റെ പ്രഖ്യാപിത ജന്മലക്ഷ്യം സാക്ഷാത്കരിച്ചു എന്നാണ് മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ഒന്നാംപേജില്‍ പേരുവച്ച് എഴുതിയ മുഖപ്രസംഗത്തില്‍ അവകാശപ്പെട്ടത്. മാതൃഭൂമിയുടെ ചരിത്രത്താളുകള്‍ മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും അതിന്റെ ജന്മലക്ഷ്യം ഭാരതീയ സംസ്‌കാരത്തെയും സനാതനമൂല്യങ്ങളെയും പൈതൃകത്തെയും തള്ളിപ്പറയുന്നതാണ് അതിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് എവിടെയും കണ്ടില്ല. മറിച്ച് ഓരോ ജീവജാലങ്ങളുടെയും ജന്മലക്ഷ്യം സാക്ഷാത്കരിക്കാന്‍ അവരെ സഹായിക്കുകയാണ് മാതൃഭൂമിയുടെ പവിത്രമായ, പാവനലക്ഷ്യമെന്നാണ് കെ.പി. കേശവമേനോന്‍ ആദ്യ മുഖപ്രസംഗത്തില്‍ പറഞ്ഞത്. ആ മുഖപ്രസംഗത്തിനും പാവനമായ ലക്ഷ്യത്തിനും ഉതകുന്നതാണ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ ഭാഗങ്ങളെന്ന് മാതൃഭൂമി മാനേജ്‌മെന്റിന് തോന്നുന്നുണ്ടെങ്കില്‍ അവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ.

ഭാരതത്തിലെ ഹിന്ദുക്കളായ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍ പോകുന്നത് ലൈംഗിക ഭോഗതൃഷ്ണയോടെ ആണെന്നും ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ഇങ്ങനെ ഭോഗാസക്തരാണെന്നുമൊക്കെ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ട് അതിനെ ന്യായീകരിക്കാന്‍ ഒന്നാംപേജില്‍ മുഖപ്രസംഗം എഴുതുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴും അരിയാഹാരം തന്നെയാണ് കഴിക്കുന്നതെന്ന കാര്യം മറക്കരുത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെവരെയാണ്. ഭാരതത്തിലെ ഹിന്ദുക്കള്‍ക്ക് ലൈംഗികതയോ ലൈംഗികതയെ കുറിച്ചുള്ള പഠനങ്ങളോ ശില്പങ്ങളോ അന്യമല്ല. 64 കാമകലകളെ കുറിച്ച് എഴുതിയ വാത്സ്യായനന്‍ മഹര്‍ഷിയായിരുന്നു എന്ന കാര്യം മറക്കരുത്. അജന്തയിലെയും എല്ലോറയിലെയും ലോകവിസ്മയങ്ങളായ രതിശില്പങ്ങള്‍ മുതല്‍ ഭാരതത്തിന്റെ ഓരോ ക്ഷേത്രങ്ങളിലെയും ചുവര്‍ചിത്രങ്ങളിലും ദാരുശില്പങ്ങളിലും രതിഭാവം കാണാം. അതിന്റെ അര്‍ത്ഥം ക്ഷേത്രത്തില്‍ വരുന്നവര്‍ മുതല്‍ വേശ്യാവൃത്തിക്ക് വരുന്നു എന്നല്ല. മുഖപ്രസംഗം കൂടി വന്നതോടെ നോവലിസ്റ്റിന്റെ വ്യക്തിഗതമായ അനുഭവം സ്ഥാപനം ഏറ്റെടുക്കുകയാണെന്ന് മനസ്സിലായി. ആദ്യം കരുതിയത് ആഭാസ സാഹിത്യത്തിന് കച്ചവടം ഒരുക്കാനുള്ള മൂന്നാംകിട വിപണനതന്ത്രം മാത്രമാണെന്നാണ്. പക്ഷേ, ഇത് അതല്ല. അതിനും അപ്പുറത്തെന്തോ ഒളിഞ്ഞിരിക്കുന്നു എന്നുതന്നെയാണ് വ്യക്തമാകുന്നത്.

മാതൃഭൂമിയിലെ വാര്‍ത്തകളെ കുറിച്ചോ ലേഖനങ്ങളെ കുറിച്ചോ പണ്ടും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. 87 ല്‍ ആടുമാടുകോഴി വോട്ടുകള്‍ നിര്‍ണ്ണായകമാകുമെന്ന കരുണാകരന് വേണ്ടിയുള്ള സോദ്ദേശസാഹിത്യം വന്‍തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പത്രാധിപ സമിതിയുടെ രാഷ്ട്രീയത്തെ കുറിച്ചും പലതവണ ചര്‍ച്ചകള്‍ നടന്നതാണ്. നിഷ്പക്ഷവും ജനകീയ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നതുമായ വാര്‍ത്താനയം വേണമെന്ന അഭിപ്രായത്തിന് പ്രാമുഖ്യം കിട്ടിയതും അന്നാണ്. പക്ഷേ, ഇന്നത്തെ ജീര്‍ണ്ണതയ്ക്ക്, പാപ്പരത്തത്തിന് പകരം വെയ്ക്കാന്‍ കഴിയുന്നതല്ല ഒരു ന്യായവാദവും. ഒരു ക്ഷേത്രത്തിലും സ്വന്തം അമ്മയെയും ഭാര്യയെയും കൊണ്ട് പോകാന്‍ കഴിയാത്ത ഗതികേടിലേക്ക് നോവലിസ്റ്റ് മാത്രമല്ല, മാതൃഭൂമിയിലെ ഉന്നതരും മാറുമ്പോള്‍ അതിന് ഉത്തരവാദി ആരാണെന്ന് ന്യായീകരിച്ച് മുഖപ്രസംഗം എഴുതുംമുന്‍പെങ്കിലും ആലോചിക്കണമായിരുന്നു. ഒപ്പുവച്ച മുഖപ്രസംഗം കണ്ടപ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ബാത്ത്ടബ്ബില്‍ കിടന്ന് ഒപ്പുവച്ച അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ വരച്ചുകാട്ടിയ കാര്‍ട്ടൂണ്‍ ആണ് ഓര്‍മ്മ വന്നത്. മാതൃഭൂമി മാനേജ്‌മെന്റിലെ ഏറ്റവും നിസ്വനായ കളങ്കരഹിത വ്യക്തിത്വമായ പി.വി. ചന്ദ്രനെ ന്യായീകരണത്തിന്റെ ബാധ്യത ഏറ്റെടുത്ത് മുന്നില്‍ നിര്‍ത്തിയ രാക്ഷസീയ ശക്തിതന്നെയാണ് ഭാരതീയ സംസ്‌കാരത്തെയും മൂല്യത്തെയും ചവിട്ടിമെതിക്കാന്‍ ഒരുമ്പെടുന്നതെന്ന കാര്യത്തില്‍ കേരളത്തില്‍ അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കും സംശയമുണ്ടാകില്ല. അതിന്റെ പിന്നിലെ ദുഷ്ടലാക്ക് രാഷ്ട്രീയം തന്നെയാണ്.

മാതൃഭൂമി അതിന്റെ പാവനമായ ലക്ഷ്യം നേടിയെന്ന മാനേജ്‌മെന്റിന്റെ അവകാശവാദം ഒരു പരിധിവരെ സത്യമാണ്. മാതൃഭൂമിയുടെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായ കേളപ്പജിയായിരുന്നു എന്‍.എസ്.എസ്സിന്റെ സ്ഥാപക പ്രസിഡണ്ട്. ജനറല്‍ സെക്രട്ടറി മന്നത്ത് പത്മനാഭനും. മന്നം മുന്നോട്ട് വെച്ച സ്വപ്‌നമായിരുന്നു കേരളത്തിലെ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഏകീകരിക്കുക എന്നത്. ആദ്യം മന്നവും ടി.കെ. മാധവനും ഇതിനുവേണ്ടി പ്രവര്‍ത്തിച്ചു. മാധവന്റെ നിര്യാണത്തിനുശേഷം മന്നവും ആര്‍. ശങ്കറും ഈ ലക്ഷ്യത്തില്‍ തന്നെ ഏറെ മുന്നോട്ട് പോയി. ഹിന്ദുമഹാമണ്ഡലം ആ സഖ്യത്തിന്റെ പ്രതീകമായിരുന്നു. എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും ഭരണസമിതികളില്‍ വരെ പരസ്പരം പ്രതിനിധികളെ അയക്കുന്ന സംവിധാനം വരെ എത്തി. വെറും തെറ്റിദ്ധാരണകളുടെ പേരില്‍ പിന്നീട് അത് തകര്‍ന്നു. അടുത്തിടെ ഹിന്ദുത്വത്തിന് എതിരായ മതഭീകരശക്തികളുടെയും സംഘടിത ക്രൈസ്തവ ശക്തികളുടെയും ഭീഷണി ശക്തമായപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇതിനുവേണ്ടി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും എന്‍.എസ്.എസ് അടക്കമുള്ള മറ്റു സംഘടനകളില്‍നിന്ന് കാര്യമായ പ്രതികരണം ഉണ്ടാകാത്തതുകൊണ്ട് അത് അലസിപ്പോയി.

ഇന്ന് ക്ഷേത്രപ്രവേശനത്തിന്റെയും വൈക്കം സത്യാഗ്രഹത്തിന്റെയും ഒക്കെ പിതൃത്വം ഏറ്റെടുത്ത് പലരും രംഗത്തു വരുമ്പോള്‍ മന്നത്ത് പത്മനാഭനും ടി.കെ. മാധവനും ആര്‍. ശങ്കറും കേളപ്പജിയും ഒക്കെ അടക്കമുള്ള എന്‍ എസ് എസ് – എസ് എന്‍ ഡി പി നേതാക്കള്‍ ഇതിനുവേണ്ടി നടത്തിയ ശ്രമങ്ങളെ ചരിത്രം തിരുത്തി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. മന്നത്തിന്റെ ജീവിതസ്മരണകളും എന്‍ എസ് എസ്സിന്റെ ചരിത്രവും ഇതിന്റെ ജീവിക്കുന്ന സാക്ഷ്യപത്രങ്ങളാണ്. ഹിന്ദു സമൂഹത്തിന്റെ ഏകീകരണം മാത്രം ലക്ഷ്യമിട്ട് അധസ്ഥിത സമുദായങ്ങളെ കൂടെ നിര്‍ത്താനും അവര്‍ ഹിന്ദുത്വത്തിന്റെ ആത്മചേതനയാണെന്നും ഉറക്കെ പറയാനുള്ള ധൈര്യം കാട്ടിയത് മന്നത്ത് പത്മനാഭന്‍ തന്നെയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരം വരുന്നതിന് വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സ്വന്തം തറവാട്ടുക്ഷേത്രം പുലയസമുദായത്തില്‍ പെട്ടവര്‍ക്കടക്കം തുറന്നുകൊടുക്കാന്‍ ആര്‍ജ്ജവം കാട്ടിയ മന്നമായിരുന്നു ഹിന്ദുവിന്റെ നായകന്‍. അതുകൊണ്ടുതന്നെയാണ് ചങ്ങനാശ്ശേരിയിലടക്കം അദ്ദേഹം തുടങ്ങിയ എല്ലാ കോളേജുകളും ഹിന്ദു കോളേജുകളായിരുന്നു, നായര്‍ കോളേജുകള്‍ ആയിരുന്നില്ല.

ഇന്ന് വീണ്ടും സമാന സാഹചര്യത്തിലൂടെ കേരളത്തിലെ ഹിന്ദുക്കളെ കൊണ്ടുവരാന്‍ മാതൃഭൂമിയ്ക്ക് കഴിഞ്ഞു. ആര്‍ എസ് എസ്സോ, വിശ്വഹിന്ദു പരിഷത്തോ, ഹിന്ദു ഐക്യവേദിയോ അടക്കമുള്ള ഒരു ഹിന്ദു സംഘടനകളും മാതൃഭൂമിയ്ക്ക് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തില്ല. പൂജാരിമാരെ ആക്ഷേപിച്ചതുകൊണ്ട് ആദ്യം യോഗക്ഷേസഭയാണ് രംഗത്ത് വന്നയെങ്കിലും പിന്നീട് ഇതര സമുദായ സംഘടനകളും രംഗത്ത് എത്തി. എന്‍. എസ്. എസ്സും, എസ് എന്‍ ഡി പിയും പരപ്രേരണയോ ആഹ്വാനമോ ഇല്ലാതെ പരസ്യപ്രതികരണവുമായി രംഗത്തെത്തതി. നേരത്തെ ഇത്തരം കാര്യങ്ങളില്‍ പരസ്യപ്രതികരണത്തിന് മുതിരാതെ സമദൂരത്തിന്റെ പേര് പറഞ്ഞ് വിവാദകാര്യങ്ങളില്‍ നിന്ന് അകലം പാലിച്ചിരുന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ശക്തമായ പ്രതികരണവുമായാണ് രംഗത്തുവന്നത്.

മന്നത്തിനുശേഷം എന്‍ എസ് എസ്സില്‍ നായകനുണ്ടെന്നും റോബിന്‍ ജെഫ്രി പറഞ്ഞമാതിരി നായര്‍ശക്തി പൂര്‍ണ്ണമായും ഒടുങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായരുടെ പ്രസ്താവനയോടെ കേരളത്തിന് മാത്രമല്ല, മാതൃഭൂമിക്കും മനസ്സിലായി. മാതൃഭൂമി ദിനപത്രം ബഹിഷ്‌ക്കരിക്കാന്‍ കൂടി ജി. സുകുമാരന്‍ നായര്‍ കരയോഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെ സമുദായത്തിന്റെ ഹിന്ദുത്വ അഭിമാനംബോധം മന്നത്ത് പത്മനാഭനുശേഷം വീണ്ടും പ്രകടമാവുകയായിരുന്നു. ചികിത്സയിലായിരുന്നിട്ടു കൂടി മാതൃഭൂമി നിലപാടിനെതിരെ ശക്തമായ വിയോജിപ്പുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തുവന്നു. ഇതോടെ ഹിന്ദു ഏകീകരണത്തിന്റെ ഒരു പുതിയ പാതയിലേക്ക് കേരളത്തെ നയിച്ചു എന്ന പാവനമായ ലക്ഷ്യം മാതൃഭൂമി സാര്‍ത്ഥകമാക്കി എന്നതില്‍ അഭിമാനിക്കാം.

മീശയിലെ അശ്ലീല പരാമര്‍ശങ്ങള്‍ പോലും ഒരു പരിധിവരെ ഹിന്ദുസമൂഹം പൊറുത്തതാണ്. ആരുടെയും ആഹ്വാനമില്ലാതെ ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങളും പത്രം കത്തിക്കലും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ബഹിഷ്‌കരണ ആഹ്വാനവും ഒക്കെ ഉണ്ടായെങ്കിലും അത് ആറാന്‍ തുടങ്ങിയതാണ്. അപ്പോഴാണ് മുഖപ്രസംഗത്തിലൂടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന വെല്ലുവിളി വീണ്ടും മാതൃഭൂമി ഉയര്‍ത്തിയത്. ഇന്ന് ക്ഷേത്രസങ്കേതങ്ങളിലും തെരുവുകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ സംഘപരിവാറുകാരല്ല. കേരളത്തിലെ സാധാരണ ഹിന്ദുക്കളാണ്. ദശാബ്ദങ്ങളായി മാതൃഭൂമിയെ നെഞ്ചോട് ചേര്‍ത്ത് നടന്നവര്‍. സുപ്രീം കോടതിയില്‍ കേസുമായി പോയതും സംഘപരിവാറുകാരല്ല എന്നത് ഇനിയെങ്കിലും മാതൃഭൂമി തിരിച്ചറിയണം. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള രവി ഡി സിയുടെ തീരുമാനവും കച്ചവടത്തേക്കാള്‍ വര്‍ഗ്ഗീയമാണെന്ന തിരിച്ചറിവ് കേരളത്തിലെ സാധാരണ ഹിന്ദുക്കള്‍ക്ക് ഉണ്ടാകുന്നു എന്നതും മനസ്സിലാക്കണം.

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close