India

കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ നിന്നും മുഖ്യധാരയിലേക്ക്; തുറന്ന് പറഞ്ഞ് ദമ്പതികള്‍

ഒഡീഷ: ആയിരത്തോളം വരുന്ന ഗ്രാമവാസികള്‍ക്ക് പുറം ലോകത്തേക്കുള്ള ഒരു പാതയായിരുന്നു ജൂലൈ 26ന് ഒഡീഷയില്‍ ഉദ്ഘാടനം ചെയ്ത ഗുരുപ്രിയ പാലം. കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങള്‍ക്ക് ഏറെ ആശ്വാസമായിരുന്നു ആ പാലം. കഴിഞ്ഞ 50 വര്‍ഷമായി മാല്‍കന്‍ഗിരി ജില്ലയിലെ പ്രധാന പ്രദേശങ്ങളുമായി ഇവിടുത്തെ 151ഓളം ഗ്രാമങ്ങള്‍ക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പാലത്തെ ഏറ്റവും അധികം എതിര്‍ത്തിരുന്നത് കമ്മ്യൂണിസ്റ്റ് ഭീകരരായിരുന്നു. എന്നാല്‍ അവരില്‍ തന്നെയുള്ള ഒരു ദമ്പതികള്‍ക്ക് തങ്ങള്‍ ആഗ്രഹിച്ച ജീവിതത്തിലേക്കുള്ള മാര്‍ഗമായിരുന്നു ആ പാലം.

വാഗ ഉര്‍മാമിയും ഭാര്യ മുഡേ മഥിയുമാണ് ആ ദമ്പതികള്‍. പാലം പണി പൂര്‍ത്തിയായി മൂന്നാം ദിവസം ഇരുവരും പൊലീസില്‍ കീഴടങ്ങി. വെറുക്കപ്പെട്ടു പോയ ആ ജീവിതത്തിലേക്ക് ഇനി തിരികെ പോകില്ലെന്ന് ഉറപ്പിച്ചാണ് ഇരുവരും പ്രത്യാശയുടെ പാലം കടന്നെത്തിയത്. ഉര്‍മാമിയേയും ഭാര്യയേയും പിടികൂടുന്നവര്‍ക്ക് 5 ലക്ഷം രൂപയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. 26കാരനായ ഉര്‍മാമിയുടെ പേരില്‍ 25 കേസുകള്‍ നിലവിലുണ്ട്. ഇതിനു പുറമെ ഏഴ് കൊലപാതകക്കേസുകളും. മഥിയുടെ പേരിലാകട്ടെ ആക്രമണ ശ്രമങ്ങള്‍ക്ക് 15 കേസുകളും എട്ട് കൊലപാതകക്കേസുകളും നിലവിലുണ്ട്.

കാടിനുള്ളില്‍ ജീവിച്ചു തീര്‍ത്ത ആ 10 വര്‍ഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് വലിയ നഷ്ടബോധം തോന്നുന്നുവെന്നാണ് ഉര്‍മാമി പറയുന്നത്.
പാവങ്ങള്‍ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന തെറ്റിദ്ധാരണയാണ് തനിക്കുണ്ടായിരുന്നതെന്നും ഇയാള്‍ പറയുന്നു.

സിപിഐ(മാവോയിസ്റ്റ്)യുടെ മാല്‍കന്‍ഗിരി-കോറപുട്ട്-വിശാഖപട്ടണം അതിര്‍ത്തി കമ്മിറ്റിയിലെ മുന്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഉര്‍മാമി. 2008ല്‍ 16ാം വയസിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഇടയിലേക്ക് എത്തിച്ചേരുന്നത്. മരിഗെട്ടയിലെ ഉര്‍മാമിയുടെ ഗ്രാമത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ പതിവായി എത്തുമായിരുന്നു. അവരുടെ നിരന്തരമായ സന്ദര്‍ശനത്തിനൊടുവിലാണ് ഇയാള്‍ സിപിഐ(മാവോയിസ്റ്റ്)യില്‍ ചേരുന്നത്. കലിമേല ലോക്കല്‍ ഗൊറില്ല സ്‌ക്വാഡി(എല്‍ജിഎസ്)ലായിരുന്നു ആദ്യം നിയമനം.

കലിമേല എല്‍ജിഎസ്സില്‍ എട്ടു വര്‍ഷത്തോളം ഉര്‍മാമി പ്രവര്‍ത്തിച്ചു. ക്യാമ്പ് ജീവിതം അതികഠിനമായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കും. ഒരു സ്ഥലത്തും ഒരു ദിവസത്തില്‍ കൂടുതല്‍ നില്‍ക്കില്ല. ഇതായിരുന്നു പതിവ്. കാടിനുള്ളിലും ഗ്രാമത്തിലും ചെലവഴിക്കേണ്ട സമയം കൃത്യമായി വിഭജിച്ചിരുന്നു. അതേസമയം ഗ്രാമത്തിലുള്ളവര്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും താമസ സ്ഥലം തരാനും മടിച്ചിരുന്നതായും ഉര്‍മാമി പറയുന്നു.

ആക്രമണത്തെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഏറ്റവും തലപ്പത്ത് ഉണ്ടായിരുന്നവരാണ്. അനുസരിക്കുക എന്നത് മാത്രമാണ് മറ്റുള്ളവരുടെ ദൗത്യം. ഓരോ ഓപ്പറേഷനുകളും കഴിയുമ്പോഴും ക്യാമ്പിലെ എല്ലാ അംഗങ്ങളും ഒത്തു കൂടും. എല്ലാ പത്രങ്ങളും വിശകലനം ചെയ്യും. സര്‍ക്കാരിന്റെയും പൊലീസിന്റെയും നീക്കങ്ങള്‍ അറിയുകയാണ് ലക്ഷ്യം. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ഉര്‍മാമി തന്റെ പ്രിയതമയെ കണ്ടുമുട്ടുന്നത്. 15ാം വയസിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ സംഘത്തിലെത്തിയ ആളാണ് മഥി.

2016 ഒക്ടോബര്‍ 24ന് സുരക്ഷ സേനയുമുണ്ടായ ഏറ്റമുട്ടല്‍ ഭീകരരുടെ ക്യാമ്പിനെ ആകെ ബാധിച്ചു. 30 കമ്മ്യൂണിസ്റ്റ് ഭീകകരാണ് സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ക്യാമ്പിന്റെ അടിത്തറ ഈ ഒരു സംഭവത്തില്‍ തകര്‍ന്നതായും ഇരുവരും പറയുന്നു.

പാര്‍ട്ടിക്ക് കൃത്യമായ ഒരു ആശയമോ ലക്ഷ്യമോ ഉണ്ടായിരുന്നില്ലെന്നതാണ് ഇവരെ കീഴടങ്ങാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇതിനു പുറമെ ജോലിക്കനുസരിച്ച് കൃത്യമായ പ്രതിഫലവും ലഭിച്ചിരുന്നില്ല. ഇതൊക്കെയാണ് കാടിനുള്ളിലെ ആ ജീവിതത്തില്‍ നിന്നും പുറത്തു കടക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും ഉര്‍മാമി പറയുന്നു.

ഏറെ നാളായി ഈ കീഴടങ്ങലിന് ആഗ്രഹിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ മാത്രമാണ് ശരിയായ സമയം ലഭിച്ചത്. ഗ്രാമത്തിലേക്ക് പോകുന്നുവെന്ന വ്യാജേനയാണ് ക്യാമ്പില്‍ നിന്നും പുറത്തു കടന്നത്. ഇന്നിപ്പോള്‍ മാവോയിസ്റ്റ് ക്യാമ്പിന് പുറത്തുള്ള ജീവിതത്തെ ഏറെ പ്രത്യാശയോടെയാണ് ഇവര്‍ കാണുന്നത്. സമാധാനപരമായ ഒരു ജീവിതം നയിക്കണം എന്നതാണ് ഇപ്പോള്‍ ഇൗ ദമ്പതികളുടെ ലക്ഷ്യം.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close