ന്യൂഡൽഹി : ദേശീയ പിന്നാക്ക കമ്മീഷന് ഭരണ ഘടനാ പദവി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ അവതരിപ്പിച്ച ഭരണ ഘടന ഭേദഗതി ബിൽ രാജ്യസഭയിൽ പാസായി.123 -)0 ഭരണഘടന ഭേദഗതിയിലൂടെയാണ് പിന്നാക്ക കമ്മീഷന് ഭരണഘടന പദവി നൽകിയത്.
ഇത് ചരിത്ര നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിലെ പിന്നാക്ക സമുദായങ്ങളുടെ ശാക്തീകരണത്തിനും അഭിവൃദ്ധിക്കും ഇത് ഒരു നിമിത്തമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ലോക്സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്.ഭരണഘടന ഭേദഗതി ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് ബിൽ ലോക്സഭയിൽ പാസായത്. കമ്മീഷന് സംസ്ഥാന സർക്കാരുകളുമായി ബന്ധമില്ലെന്നും കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും മന്ത്രി താവർ ചന്ദ് ഗെഹ്ലോട്ട് സഭയിൽ വ്യക്തമാക്കി.