ന്യൂഡല്‍ഹി: വഴിയാത്രക്കാരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചതിന് ശേഷം അവരുടെ പണം തട്ടിയെടുക്കുന്ന രണ്ട് സ്ത്രീകളെ പൊലീസ് പിടികൂടി. മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന യുവാവിന്റെ പണം അപഹരിച്ച ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്. സ്വീറ്റി എന്ന പൂജ(24), മുസ്കാന്(25) എന്നിവരെയാണ് മൂല്‍ചന്ദ് മെട്രോ സ്റ്റേഷനു സമീപത്ത് നിന്നും പിടികൂടിയത്. യുവാവിന്റെ കയ്യില്‍ നിന്നും തട്ടിയെടുത്ത പേഴ്സും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
രാത്രി പെട്രോംളിംഗിനിടെ മെട്രോ സ്റ്റേഷന് അടുത്ത് വച്ച് ഒരു യുവാവ് രണ്ട് യുവതികള്‍ക്ക് പിന്നാലെ അലറി വിളിച്ച് ഓടുന്നത് കണ്ടാണ് പൊലീസ് എത്തുന്നത്. തുടര്‍ന്ന് പൊലീസും യുവതികള്‍ക്ക് പിന്നാലെ ഓടാന്‍ തുടങ്ങി. കുറച്ചുനേരം പിന്തുടര്‍ന്ന ശേഷമാണ് പൊലീസിന് യുവതികളെ പിടികൂടാനായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുന്ന വഴിയാണ് രണ്ട് യുവതികള്‍ വഴിയില്‍ നിന്ന് സഹായം ചോദിച്ച് കരയുന്നത് യുവാവ് കാണുന്നത്. ഇവര്‍ ഇയാളോട് വാഹനം നിര്‍ത്താനും അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു. വാഹനം നിര്‍ത്തിയ ഉടനെ യുവതികളിലൊരാള്‍ ഇയാളെ അടിച്ചു വീഴ്ത്തി. മറ്റൊരാള്‍ ഇയാളുടെ പേഴ്സുമെടുത്ത് ഓടുകയും ചെയ്തു. ഇതിനിടെയാണ് പൊലീസ് പിടിക്കുന്നത്.
പ്രതികളില്‍ മുസ്കാന് വിധവയാണെന്നും സ്വീറ്റി ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു താമസിക്കുന്നയാളാണെന്നും പൊലീസ് പറഞ്ഞു. ജീവിക്കാന്‍ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇരുവരും മോഷണം ആരംഭിക്കുന്നത്.
സ്കൂട്ടറുകളിലും ബൈക്കുകളിലും ഒറ്റക്ക് വരുന്ന പുരുഷന്മാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സഹായം ചോദിച്ച് വണ്ടി നിര്‍ത്തിക്കുകയും, ഇതിന് ശേഷം പണം തട്ടിച്ച് രക്ഷപെടുകയും ചെയ്യുക എന്നതായിരുന്നു ഇവരുടെ പതിവ്. ആരെങ്കിലും എതിര്‍ത്താല്‍, തങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ അമ്പതോളം പുരുഷന്മാരെ കഴിഞ്ഞ രണ്ട്-മൂന്ന് മാസത്തിനിടയില്‍ ഇവര്‍ പറ്റിച്ചതായും പൊലീസ് പറഞ്ഞു. എന്നാല്‍ ഇതുവരെ ആരും ഇത്തരത്തിലുള്ള പരാതികളുമായി തങ്ങളെ സമീപിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.