തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ കീകി ചലഞ്ചിന്റെ കാലമാണ്. പുറത്ത് നിന്നും എത്തിയ കീകി ചലഞ്ച് ഇന്ത്യയിലും വലിയ തരംഗമാണ് സൃഷ്ടിച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര് ഈ ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. നടുറോഡില്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ചെയ്യുന്ന ഈ ചലഞ്ചിന് അപകടസാദ്ധ്യതകളും ഏറെയാണ്. ഡല്‍ഹി, മുംബൈ, ജയ്പൂര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഈ ചലഞ്ചിനെതിരെ ബോധവത്കരണവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരള പൊലീസും വ്യത്യസ്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്.
കേരള പൊലീസിന്റെ ഇപ്പോഴത്തെ ശൈലിയില്‍ കീകി ആരാധകരെ ട്രോളിക്കൊണ്ടാണ് മുന്നറിയിപ്പ് വീഡിയോ എത്തിയിരിക്കുന്നത്. കീകി കളിക്കാനായി റോഡില്‍ ഇറങ്ങുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. 26 സെക്കന്റാണ് വീഡിയോ ദൈര്‍ഘ്യം.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും ഇറങ്ങിയതിന് ശേഷം കീകി ഡുയു ലൗ മീ എന്ന പാട്ടിന് കാര്‍ നീങ്ങുന്നതിനൊപ്പം നൃത്തം ചെയ്യണം. നൃത്തം ചെയ്തതിനു ശേഷം കാറിലേക്ക് തിരികെ കയറി യാത്ര തുടരാം. ഇതാണ് ചലഞ്ച്.
കനേഡിയന്‍ പോപ്പ് ഗായകനായ ഡ്രേക്കിന്റെ ഗാനമാണ് കീകി ഡുയു ലൗ മീ. എന്നാല്‍ അമേരിക്കന്‍ ഹാസ്യാവതാരകനായ ഷിഗ്ഗിയാണ് ചലഞ്ചിന് തുടക്കം കുറിക്കുന്നത്. ഷിഗ്ഗി കാറില്‍ നിന്നിറങ്ങി ഡാന്‍സ് ചെയ്ത ശേഷം സുഹൃത്തുക്കളെ വെല്ലുവിളിക്കുകയായിരുന്നു. ഇതിന് ശേഷം ചലഞ്ച് വളരെ വേഗം ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.
കീകി ചലഞ്ച് കൊണ്ടുണ്ടായ അപകടങ്ങളുടെ വീഡിയോയും ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലുണ്ട്. രാജ്യാന്തരതലത്തിലും ചലഞ്ചിനെതിരെ ബോധവത്കരണം നടക്കുന്നുണ്ട്.