കോട്ടയം: കുമ്പസാര ലൈംഗിക പീഡനക്കേസ് പോലീസില്‍ നിന്നും മറച്ചു വച്ചതില്‍ ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിനും പങ്കെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റിമോസിന്റെ ശബ്ദ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പരാതി മറച്ചു വയ്ക്കുന്നതിന് സഭാ നേതൃത്വം ബോധപൂര്‍വം ഇടപെട്ടുവെന്നത് ഇതില്‍ നിന്നും വ്യക്തമാണ്.
https://www.youtube.com/watch?v=NS3LEd0x37w
പീഡനതിന് ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവ് നിരണം ഭദ്രാസാധിപന്‍ പരാതി നല്കിയപ്പോഴുള്ള സംഭാഷണമാണ് ഇത്. പരാതിക്ക് കൈപ്പറ്റ് രസീത് നല്‍കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടെങ്കിലും മെത്രാപ്പൊലീത്ത തയാറായില്ല. രസീത് നല്കിയാല് പരാതി പൊലീസിന് കൈമാറേണ്ടി വരും. നിയമനടപടികളുടെ പിന്നാലെ നടക്കേണ്ടി വരുമെന്നും, അത് ബുദ്ധിമുട്ടാകുമെന്നായിരുന്നു മെത്രാപ്പൊലീത്തയുടെ മറുപടി.
പതിനാറ് വയസുമുതല്‍ ബലാല്‍സംഗം നടക്കുന്ന പശ്ചാത്തലത്തില്‍ കേസ് ഒതുക്കി വയ്ക്കാനാകില്ലെന്നും മെത്രാപ്പൊലീത്തക്ക് ഒപ്പം ഉണ്ടായിരുന്ന സഭയിലെ ഉന്നതന് പറയുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്. കുറ്റം ചെയ്തെന്ന് അറിവുണ്ടായിട്ടും പരാതി പൊലീസിന് നല്‍കാതെ സഭക്ക് ഉള്ളില്‍ തന്നെ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് നേരത്തേതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് ശരിവക്കുന്നതാണ് ശബ്ദ സംഭാഷണം.