തിരുവനന്തപുരം: ഇന്നലെ അര്‍ധരാത്രി തുടങ്ങിയ പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു. സ്വകാര്യ ബസ്, ചരക്ക് വാഹനങ്ങള്‍, ഓട്ടോറിക്ഷാ, ടാക്സി തൊഴിലാളികള്‍ പണിമുടക്കില്‍ ചേര്‍ന്നു. മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്നു എന്നാരോപിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും പണിമുടക്കി. ഇതോടെ സംസ്ഥാനത്തെ പൊതുഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
റീജിയണല്‍ കാന്‍സര്‍ സെന്ററിലേക്കും മെഡിക്കല്‍ കോളേജിലേക്കും, ശ്രീ ചിത്ര ആശുപത്രിയിലേക്കും പോകേണ്ട രോഗികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങി. സാധാരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കെഎസ്ആര്‍ടിസി ആശുപത്രികളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താറുണ്ട്. എന്നാല്‍ ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടന തന്നെ മുന്‍കൈ എടുത്ത് നടത്തുന്ന പണിമുടക്കായതിനാല്‍ ഇന്ന് കെഎസ്ആര്‍ടിസി ആശുപത്രികളിലേക്കു പോലും സര്‍വീസ് നടത്തിയില്ല.
ഒടുവില്‍ പോലീസ് വാഹനത്തിലും ചില സന്നദ്ധ സംഘടനകള്‍ ഒരുക്കിയ വാഹനങ്ങളിലുമാണ് രോഗികളെ ആശുപത്രികളില്‍ എത്തിച്ചത്. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവായിരുന്നു. പലയിടത്തും രാവിലെ കടകള്‍ പലതും തുറന്നെങ്കിലും ആളുകള്‍ എത്താത്തതിനെ തുടര്‍ന്ന് അടച്ചു. പൊതുവില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ് സംസ്ഥാനത്ത് തുടരുന്ന പണിമുടക്കിന്. പണിമുടക്കിന്റെ ഭാഗമായി സമരാനുകൂലികള്‍ ഏജീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.