ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചില്‍ നടക്കും. ഇത് സംബന്ധിച്ച് വാദം കേട്ട മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്കാരം മെറീന ബീച്ചില്‍ നടത്തുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഡിഎംകെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാത്രിയില്‍ വാദം കേട്ട കോടതി വിധി പറയുന്നത് ഇന്ന് രാവിലത്തേക്ക് മാറ്റുകയായിരുന്നു.
മറീന ബീച്ചില്‍ രാഷ്ട്രീയനേതാക്കളുടെ ശവസംസ്കാരം നടത്തുന്നതിനെതിരെ ആറ് ഹര്‍ജികളാണ് ഹൈക്കോടതിയിലുണ്ടായിരുന്നത്. ഹര്‍ജികള്‍ പിന്‍വലിച്ചതോടെയാണ് കോടതി ഡിഎംകെക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
അതേസമയം ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കരുണാനിധിയുടെ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് ഗോപാലപുരത്തെ വസതിയില്‍ നിന്ന്കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഗുരുതരമാവുകയായിരുന്നു.