ബംഗലുരു: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജമാ-അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ(ജെ.എം.ബി) ഇന്ത്യയിലെ നേതാവ് മുഹമ്മദ് ജാഹിദുല്‍ ഇസ്ലാമിനെ(38) എന്‍.ഐ.എ പിടികൂടി. കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നിന്നും പിടിയിലായ ഭീകരസംഘാംഗങ്ങളില് നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ രാമനഗരിയിലുള്ള വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. ബംഗലുരുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ജാഹിദുലിനെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിഹാര്‍ എന്‍ഐഎ സംഘത്തിന് കൈമാറിയ ഇയാളെ പട്നയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
ബിഹാറിലെ ബോധ്ഗയയില്‍ ജനുവരിയില്‍ രണ്ട് ബോംബുകള്‍ കണ്ടെടുത്ത സംഭവത്തിലും ഇയാള്‍ മുഖ്യപ്രതിയാണ്. ഇയാളുടെ നിര്‍ദേശപ്രകാരമാണ് സംഘത്തിലുള്ള മുസ്താഫിസുര്‍ റഹ്മാന് ബോംബ് ഉണ്ടാക്കിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബോധ്ഗയയിലെ ക്ഷേത്രത്തില്‍ ബോംബ് വച്ച സംഭവത്തില്‍ ഒളിവില്‍ കളിയുകയായിരുന്നു. ബംഗ്ലാദേശില്‍ പത്തിലധികം കൊലപാതകക്കേസുകളിലും നിരവധി ഭീകരവാദക്കേസുകളിലും പ്രതിയാണ്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ 2014ല്‍ അഞ്ചു പൊലീസുകാരെ വധിച്ചാണ് ഭീകരസംഘാംഗങ്ങള്‍ ഇയാളെ രക്ഷപെടുത്തിയത്. ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി ബംഗ്ലാദേശില്‍ നിന്നും ബംഗാളിലേക്ക് കുടിയേറുകയായിരുന്നു.
രണ്ടരമാസം മുന്‍പാണ് രാമനഗരിയില്‍ മുനീര്‍ എന്ന വ്യാജപേരില്‍ മുഹമ്മദ് ജിഹാദുല്‍ ഇസ്ലാം വീട് വാടകക്ക് എടുക്കുന്നത്. ഭാര്യയും മക്കളും ഇയാളോടൊപ്പം ഉണ്ടായിരുന്നു. സൈക്കിളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന തൊഴില്‍ ചെയ്തു വരികയായിരുന്നു. വാടകവീട്ടില്‍ നടത്തിയ പരിശോധയില്‍ ലാപ്ടോപ്പ്, ജലാറ്റിന്‍ പൗഡര്‍, ക്ഷേത്രങ്ങളുടേയും പള്ളികളുടേയും വിനോദസഞ്ചാര കേന്ദ്രങ്ങളുടേയും രേഖാ ചിത്രങ്ങള്‍ എന്നിവ കണ്ടെടുത്തു.
കോട്ടയ്ക്കല്‍ നഗരത്തിന് സമീപം വാടകക്കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന ബംഗാള്‍ സ്വദേശികളായ നാലുപേരെ കഴിഞ്ഞദിവസം എന്‍.ഐ.എ. പിടികൂടിയിരുന്നു. മുസാഫിര്‍ റഹ്മാന് (35), അബ്ദുള്‍ ഷെയ്ഖ് (26), അബ്ദുള്‍കരീം (19), അബ്ബാസ് ഷെയ്ഖ് (40) എന്നിവരാണ് അറസ്റ്റിലായത്. തൊഴിലാളികളെന്ന വ്യാജേന താമസിക്കുകയായിരുന്ന ഇവര്‍ ബോധ്ഗയ സ്ഫോടനവുമായി ബന്ധമുള്ളവരാണ്. 2014 ഒക്ടോബര്‍ രണ്ടിന് ബംഗാളിലെ ബര്‍ദാനില്‍ നടന്ന സ്ഫോടനത്തിലും മുഹമ്മദ് ജാഹിദുല്‍ ഇസ്ലാമിനൊപ്പം ഇവര്‍ പങ്കാളികളായിരുന്നതായി അന്വേഷണസംഘം പറഞ്ഞു.