കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിനല്‍കിയ കന്യാസ്ത്രീ ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന് അയച്ച കത്ത് പുറത്ത്. ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണസംഘത്തിന് നല്കിയ മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്തായത്. പരാതിക്കാരിയായ കന്യാസ്ത്രീ 2017 ജൂലൈ പതിനൊന്നിന് ഉജ്ജയിന്‍ ബിഷപ്പിനയച്ച കത്താണിത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റായ ഉദേശത്തോടെ നേരിട്ടും ഫോണിലൂടെയും തന്നോട് പെരുമാറിയെന്നാണ് കന്യാസ്ത്രീ കത്തില്‍ പറഞ്ഞിരിക്കുന്നത്. ബിഷപ്പില്‍ നിന്നുണ്ടായ മോശം പെരുമാറ്റം മുഴുവന്‍ കത്തില്‍ വിവരിക്കാനാകാത്തതാണെന്നും കന്യാസ്ത്രീ കത്തില്‍ വിശദമാക്കിയിരുന്നു.
ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴിയാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലുമായി ചില പ്രശ്നങ്ങളുണ്ടെന്നും ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞിരുന്നതായാണ് ഉജ്ജയിന്‍ ബിഷപ് അന്വേഷണസംഘത്തിന് നല്കിയ മൊഴിയില്‍ പറഞ്ഞത്. സഭയിലെ ഭരണപരമായ ചില പ്രശ്നങ്ങളെക്കുറിച്ചാണ് കന്യാസ്ത്രീ പറഞ്ഞതെന്നും ഇക്കാര്യം നേരിട്ടും ഇമെയിലിലൂടെയും പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണസംഘത്തോട് വിശദമാക്കിയിരുന്നു.
സഭയിലെ ഉന്നത പുരോഹിതര്‍ അടക്കമുള്ളവര്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.