ഇടുക്കി: മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഉച്ചക്ക് രണ്ട് മണിക്ക് 2397.02 അടിയാണ് ഡാമിലെ ജലനിരപ്പ്. രാത്രിയില്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ന്ന ശക്തമായ മഴയെ തുടര്‍ന്നാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ജലനിരപ്പ് 2398 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇപ്പോഴത്തെ സ്ഥിതിവച്ച് വ്യാഴാഴ്ച തന്നെ 2398 അടിയെത്താനാണ് സാധ്യത. പ്രദേശത്ത് ഇപ്പോഴും കനത്ത മഴയുണ്ട്.
ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ആശങ്കാജനകമായ സാഹചര്യമില്ലെന്ന് വൈദ്യുതി വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.