കാസര്‍ഗോഡ്: കാസര്‍ഗോഡ് കാറഡുക്കയ്ക്ക് പിന്നാലെ എന്മകജെ പഞ്ചായത്തിലും കോണ്‍ഗ്രസ്സ്-സിപിഎം-ലീഗ് അവിശുദ്ധ സഖ്യം. പഞ്ചായത്ത് ഭരിക്കുന്ന ബിജെപിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എല്‍ഡിഎഫ് പിന്തുണയോടെ പാസ്സായി. എന്മകജെ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗമായ വൈ.ശാരദ കൊണ്ടുവന്ന അവിശ്വാസ പ്രമേയം 7നെതിരെ 10 വോട്ടുകള്‍ക്കാണ് പാസായത്.
കഴിഞ്ഞയാഴ്ച കാറഡുക്ക പഞ്ചായത്തിലും സമാന രീതിയില്‍ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം യുഡിഎഫ് പിന്തുണയോടെ പാസായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ബിജെപിക്കുണ്ടായിരുന്ന നാല് പഞ്ചായത്തുകള്‍ ഇതോടെ രണ്ടായി ചുരുങ്ങിയിരിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ ബന്ധം വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ പ്രചരണായുധമാക്കുമെന്ന് പ്രസിഡന്റ് രൂപവാണി ആര് ഭട്ട് പറഞ്ഞു.
അരിയില്‍ ഷുക്കൂര്‍, ഷുഹൈബ് തുടങ്ങി സിപിഎം അരുംകൊല ചെയ്ത പ്രവര്‍ത്തകരെ മറന്നാണ് മുസ്ലീംലീഗും കോണ്‍ഗ്രസ്സും അധികാരത്തിന് വേണ്ടി സിപിഎമ്മുമായി കൈകോര്‍ക്കുന്നത്. ഇരു പാര്‍ട്ടികളുടെയും അണികള്‍ ഇത് തിരിച്ചറിയുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ സഖ്യം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാനാണ് ബിജെപിയുടെ തീരുമാനം.