കറാച്ചി: പാകിസ്ഥാനില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് നേരെ ഭീകരരുടെ ആക്രമണം തുടരുന്നു. ബലൂചിസ്ഥാന്‍ മേഖലയില്‍ രണ്ട് സ്കൂളുകളാണ് ഭീകരര്‍ തീയിട്ട് നശിപ്പിച്ചത്. സ്കൂളുകളില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ പാകിസ്ഥാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന വലിയ ആക്രമണമാണിത്.
നേരത്തെ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ 12 സ്കൂളുകള്‍ തീവ്രവാദികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് നേരെ താലിബാന് പോലുള്ള ഭീകര സംഘടനകള്‍ ആക്രമണം നടത്തുന്നത് ഇവിടെ പതിവു കാഴ്ചയാണ്.
2004, 2011 വര്‍ഷങ്ങളിലും ഗില്‍ജിത്ത് പ്രവിശ്യയില്‍ സ്കൂളുകള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായിരുന്നു. പാകിസ്ഥാനില്‍ ഏറ്റവും കുറവ് സാക്ഷരതയുള്ള പ്രദേശമാണ് ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍. സ്കൂളുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ വന്‍ പ്രതിഷേധവും ഇവിടെ ഉയരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.