കോട്ടയം : ലൈംഗികാരോപണ കേസില്‍ ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കതോലിക്കാ ബാവ. ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റിക്കിടെയാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റം തെളിഞ്ഞാല്‍ പൗരോഹിത്യം വിലക്കുമെന്നും അതുവരെ കൂദാശകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും ബാവ വ്യക്തമാക്കി.
സഭ സുന്നഹദോസ് ചേരുന്നതിനിടെയാണ് വാര്‍ഷിക മാനേജിംഗ് കമ്മിറ്റി കോട്ടയത്തെ പഴയ സെമിനാരിയില്‍ നടന്നത്. ഈ യോഗത്തില്‍ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്ന് ചില അംഗങ്ങള്‍ നിലപാട് അറിയിച്ചു. ഇതേ തുടര്‍ന്നായിരുന്നു കാതോലിക ബാവയുടെ പ്രതികരണം.
നിലവില്‍ അന്വേഷണം നടക്കുകയാണ്. പരാതി ലഭിച്ചപ്പോള്‍ത്തന്നെ വൈദികര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ വൈദികരുടെ പൗരോഹിത്യം വിലക്കും. കുറ്റം തെളിയുന്നത് വരെ കൂദാശകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും കാതോലിക ബാവ പറഞ്ഞു. വിഷയത്തില്‍ സഭയ്ക്കുള്ളില്‍ രണ്ട് വിഭാഗം രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ സുന്നഹദോസില്‍ ചില നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
കോട്ടയം ദേവലോകം അരമനയില്‍ നടക്കുന്ന സുന്നഹദോസില്‍ ലൈംഗികാരോപണം വിശദമായിത്തന്നെ ചര്‍ച്ച ചെയ്തതായിട്ടാണ് വിവരം.