ന്യൂഡല്‍ഹി: മൂന്നു വയസുള്ള കുഞ്ഞ് കരഞ്ഞതിന്റെ പേരില്‍ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനെയും കുടുംബത്തെയും ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു. ഈ കുട്ടിക്ക് ബിസ്കറ്റ് നല്കി സമാധാനിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു കുടുംബത്തേയും ഇറക്കിവിട്ടു.
കഴിഞ്ഞ ജൂലൈ-23ന് ലണ്ടന്‍-ബെര്‍ലിന്‍ വിമാനത്തിലാണ് സംഭവം. ഗതാഗത-ഹൈവേ വകുപ്പിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ദാരുണാനുഭവം ഉണ്ടായത്. സംഭവത്തില്‍ ഉദ്യോഗസ്ഥന് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്കി.
ഉദ്യോഗസ്ഥന് പറയുന്നതിങ്ങനെ, വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് കുട്ടി കരഞ്ഞത്. ഇതോടെ കുഞ്ഞിനെ അമ്മ കയ്യിലെടുത്തു. എന്നാല്‍ ഇതുകണ്ട വിമാന ജീവനക്കാരിലൊരാള്‍ കുട്ടിയെ സീറ്റിലിരുത്തണമെന്ന് പറഞ്ഞ് ഉച്ചത്തില്‍ ബഹളം വച്ചു. ഇതോടെ ഭയപ്പെട്ട കുട്ടി വീണ്ടും കരയാന്‍ തുടങ്ങി. വീണ്ടുമെത്തിയ വിമാന ജീവനക്കാര്‍ അമ്മയേയും കുഞ്ഞിനേയും അധിക്ഷേപിച്ചു. തുടര്‍ന്ന് വിമാനം തിരിച്ചു കൊണ്ടു വന്ന് രണ്ടു കുടുംബങ്ങളെയും ഇറക്കിവിട്ടു. കാരണം പോലും പറയാതെയാണ് അധികൃതര്‍ ഇത്തരത്തില്‍ ചെയ്തതെന്നും പരാതിയില്‍ പറയുന്നു.
സംഭവം ഗൗരവമായി കാണുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ് എയര്‍വെയ്സ് അറിയിച്ചിട്ടുണ്ട്.