ഇടുക്കി: ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടുക്കിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. നിലവില്‍ 2401.22 അടിയാണ് ഡാമിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ചെറുതോണിയുടെ മൂന്ന് ഷട്ടറുകളാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കന്റില്‍ 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. സംഭരണശേഷിയുടെ 97.61 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഡാമിലെ ജലനിരപ്പും കൂടി ഉയരുന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചു. മൂന്നു ഷട്ടറുകളും തുറന്നപ്പോള്‍ ഉണ്ടായ കുത്തൊഴുക്കില്‍ ചെറുതോണിയില്‍ റോഡിന്റെ വശങ്ങള് ഇടിഞ്ഞിട്ടുണ്ട്.
ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു. 25 സെ.മീറ്റര്‍ ഉയര്‍ത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
പെരിയാറിന്റെ തീരത്ത് നിന്നും കൂടുതല്‍ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിടേണ്ടി വരുമെന്ന് കളക്ടര്‍ അറിയിച്ചു.