മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി കീകി ഡാന്‍സ് ചലഞ്ച് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍ക്ക് കോടതിയുടെ വക എട്ടിന്റെ പണി. മൂന്ന് ദിവസം തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കാനാണ് വാസായ് റെയില്‍വേ കോടതി ശിക്ഷ വിധിച്ചത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരു പോലെ അപകടകരമായ പ്രവൃത്തിയാണ് യുവാക്കള്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
വാസായ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് യുവാക്കള്‍ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി വീഡിയോ ചിത്രീകരിച്ചത്. സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒരാഴ്ച കൊണ്ട് 22 ലക്ഷത്തോളം ആളുകളാണ് കണ്ടത്. സംഭവത്തില്‍ ശ്യാം വര്‍മ്മ, ധ്രുവ്, നിഷാന്ത് എന്നീ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളും രാവിലെ 11 മുതല്‍ രണ്ടു മണി വരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെയും വൃത്തിയാക്കാനാണ് കോടതി യുവാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇത്തരം ചലഞ്ചുകള്‍ ചെയ്യാതിരിക്കാന്‍ ആളുകളെ ബോധവത്കരിക്കണമെന്നും യുവാക്കളോട് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും ഇറങ്ങിയതിന് ശേഷം കീകി ഡുയു ലൗ മീ എന്ന പാട്ടിന് കാര്‍ നീങ്ങുന്നതിനൊപ്പം നൃത്തം ചെയ്യണം. നൃത്തം ചെയ്തതിനു ശേഷം കാറിലേക്ക് തിരികെ കയറി യാത്ര തുടരാം. ഇതാണ് ചലഞ്ച്. നടുറോഡില്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ചെയ്യുന്ന ഈ ചലഞ്ചിന് അപകടസാദ്ധ്യതകളും ഏറെയാണ്. കേരള, ഡല്‍ഹി, മുംബൈ, ജയ്പൂര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഈ ചലഞ്ചിനെതിരെ ബോധവത്കരണവുമായി പൊലീസ് രംഗത്തെത്തിയിരുന്നു.
കനേഡിയന്‍ പോപ്പ് ഗായകനായ ഡ്രേക്കിന്റെ ഗാനമാണ് കീകി ഡുയു ലൗ മീ. എന്നാല്‍ അമേരിക്കന്‍ ഹാസ്യാവതാരകനായ ഷിഗ്ഗിയാണ് ചലഞ്ചിന് തുടക്കം കുറിക്കുന്നത്. ഷിഗ്ഗി കാറില്‍ നിന്നിറങ്ങി ഡാന്‍സ് ചെയ്ത ശേഷം സുഹൃത്തുക്കളെ വെല്ലുവിളിക്കുകയായിരുന്നു. ഇതിന് ശേഷം ചലഞ്ച് വളരെ വേഗം ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.
കീകി ചലഞ്ച് കൊണ്ടുണ്ടായ അപകടങ്ങളുടെ വീഡിയോയും ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലുണ്ട്. രാജ്യാന്തരതലത്തിലും ചലഞ്ചിനെതിരെ ബോധവത്കരണം നടക്കുന്നുണ്ട്.