ചൈനയുടെ വന്മതില് എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്കാനാകാതെ കുഴങ്ങിയ യുവതിക്ക് സമൂഹമാദ്ധ്യമങ്ങളില്‍ പരിഹാസം. രണ്ട് ലൈഫ് ലൈനുകളാണ് ചോദ്യത്തിന് ഉത്തരം പറയുന്നതിന് വേണ്ടി യുവതി ഉപയോഗിച്ചത്. കോന്‍ ബനേഗാ ക്രോര്‍പതിക്ക് സമാനമായി തുര്‍ക്കിയില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായത്.
26കാരിയായ സൂ അയ്ഹാനാണ് ‘ചൈനീസ് വന്മതില് എവിടെയാണ്’ എന്ന ചോദ്യത്തിനുത്തരം പറയാനാകാതെ കുഴങ്ങിയത്. മത്സരത്തിന്റെ മൂന്നാം ഘട്ടത്തിലാണ് യുവതി ഈ ചോദ്യം നേരിട്ടത്. ഉത്തരം അറിയാതിരുന്ന അയ്ഹാന്‍ ഓഡിയന്‍സ് പോള്‍ തിരഞ്ഞെടുത്ത് കാണികളോട് സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് 51 ശതമാനം പേര് വന്മതില് ചൈനയിലാണെന്ന് ഉത്തരം നല്കി. എന്നാല്‍ ഇതില്‍ വിശ്വാസം വരാതിരുന്ന യുവതി ഉടന്‍ തന്നെ അടുത്ത ലൈഫ് ലൈനായ ഫോണ്‍ എ ഫ്രണ്ട് തിരഞ്ഞെടുത്തു. സുഹൃത്തും വന്മതില് ചൈനയിലാണെന്ന് പറഞ്ഞതോടെയാണ് യുവതി ഉത്തരം നല്‍കിയത്.
ഈ നിസാര ചോദ്യത്തിന് പോലും ഉത്തരം അറിയാതെയാണോ കോടീശ്വരിയാകാനുള്ള മത്സരത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് ചോദിച്ചാണ് പലരും അയ്ഹാനെ പരിഹസിക്കുന്നത്. എന്നാല്‍ തനിക്ക് ഇഷ്ടമുള്ളപ്പോള്‍ എടുക്കാനാണ് ലൈഫ്ലൈന് ലഭിച്ചതെന്നാണ് അയ്ഹാന്‍ വിഷയത്തോട് പ്രതികരിച്ചത്.