ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ഇന്ത്യക്കാരായ തമിഴ് വംശജര്‍ക്ക് വീടുകള്‍ അനുവദിച്ചു കൊണ്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ചടങ്ങില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ മുഖ്യാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ ഗുണഭോക്താക്കളെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യും. പദ്ധതിയുടെ ആദ്യഘട്ട വിതരണമാണ് ഇന്ന് നടക്കുന്നത്.
ശ്രീലങ്കയിലെ തേയില-റബ്ബര്‍ പ്ലാന്റേഷനുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തമിഴ് വംശജര്‍ക്കാണ് പദ്ധതി പ്രധാനമായും ഗുണം ചെയ്യുന്നത്. ഇവരില്‍ പലരും വളരെ ദരിദ്രമായ ചുറ്റുപാടുകളിലാണ് ഇവിടെ ജീവിക്കുന്നത്. ഈ വലിയ ഗ്രാമീണ പദ്ധതിയിലൂടെ 14,000ത്തോളം വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
ശ്രീലങ്കയുടെ വികസനത്തില്‍ പങ്കാളികളായിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്തെ വടക്കു-കിഴക്കന്‍ ഭാഗങ്ങളിലെ യുദ്ധ ബാധിതമായ മേഖലകളില്‍ 46000ത്തോളം വീടുകള്‍ നിര്‍മിച്ചു കഴിഞ്ഞു. ഇതിന് പുറമെ പ്ലാന്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഉവ മേഖലയില്‍ 4000ത്തോളം വീടുകളും പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തിയ സമയത്താണ് പ്രധാനമന്ത്രി അടുത്ത 10,000 വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചത്.
ശ്രീലങ്കന്‍ സര്‍ക്കാരും ജനങ്ങളും മുന്നോട്ടു വച്ച നിബന്ധനകളും ആവശ്യങ്ങളും പൂര്‍ണമായും പരിഗണിച്ചാണ് പ്രൊജക്ട് വികസിപ്പിച്ചത്. പ്രദേശത്ത് നിന്ന് തന്നെ ലഭിച്ച അസംസ്കൃത വസ്തുക്കളാണ് വീടുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചത്. പ്രദേശത്ത് നിന്ന തന്നെ ഉള്ള ആളുകളുടെ സഹായത്തോടെയായിരുന്നു നിര്‍മാണം.