കൊച്ചി : കേരളത്തിൽ മഴക്കെടുതി സർവ്വ നാശം വിതയ്ക്കുമ്പോഴും ആശയങ്ങളുടെ കാര്യത്തിൽ മലയാളി ദരിദ്രനല്ല . പ്രളയജലത്തിൽ ഒഴുകിയെത്തുന്ന വന്മരങ്ങൾ സ്വന്തമാക്കുന്നവരും വലിയ മീനുകളെ പിടികൂടുന്നവരും വിരളമല്ല . മോഹൻ ലാലിന്റെ ഒരു സിനിമയിൽ പ്രളയത്തിൽ കടപുഴകി വരുന്ന തടി പിടിച്ചെടുക്കുന്നത് ഹീറോയിസത്തിന്റെ ലക്ഷണവുമായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ പക്ഷേ മറ്റൊരാശയം നടപ്പിലാക്കുന്നതാണ് കാണാൻ സാധിക്കുക. ബുള്ളറ്റിലും ബൈക്കുകളിലുമായി വന്നെത്തുന്ന ഒരു കൂട്ടം പേർ പുഴയിലൂടെ ഒഴുകിയെത്തുന്ന തേങ്ങ തോട്ടക്കമ്പിൽ വല കെട്ടി ശേഖരിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത് . ഒരു പാലത്തിൽ നിന്നാണ് ഒരു കൂട്ടം ആളുകൾ തേങ്ങ ശേഖരിക്കുന്നത്.
https://youtu.be/Sybdwz7TCL0
എല്ലാവർക്കും നിരവധി തേങ്ങകളും കിട്ടുന്നുണ്ട് . കേട്ടവർ കേട്ടവർ സ്വന്തമായി തേങ്ങ ശേഖരിക്കാൻ വേണ്ടി കൂടുതലായെത്തുന്നുമുണ്ട് . അതിനിടയിൽ ഒരു വിരുതൻ ശേഖരിച്ച വീഡിയോ ആണ് വൈറലാകുന്നത്. എന്തായാലും ചന്ദ്രനിൽ പോലും ചായക്കട നടത്താൻ മലയാളി എത്തുമെന്ന പറച്ചിൽ യാഥാർത്ഥ്യമാക്കുന്ന വീഡിയോ ആണിത്. ശേഖരിച്ച തേങ്ങകൾ ഇവർ ദുരിതാശ്വാസത്തിനായി നൽകുമോ എന്നൊരു ചോദ്യവും ഉയരുന്നുണ്ട് . എന്തായാലും പ്രതിസന്ധി ഘട്ടങ്ങളെ നേരിടുക മാത്രമല്ല എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന കാര്യത്തിൽ മലയാളികളെ നമിക്കണമെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.